വണ്ണപ്പുറം: കോട്ടപ്പാറ മലനിരകളിൽ തീ പടർന്ന് ഏക്കർ കണക്കിന് റബർത്തോട്ടം കത്തി നശിച്ചു. ഇന്നലെ 11–നാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടങ്ങി. ഇതിനിടയിൽ തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയും എത്തി. തുടർന്ന് കൃഷിയിടങ്ങളിലെ തീ അണയ്ക്കാൻ കഴിഞ്ഞു. അതിനാൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായി. കൊടും ചൂടിൽ ഉണങ്ങി നിന്ന പുൽനാമ്പുകൾക്ക് തീ പിടിച്ചതാകാമെന്നാണ് നിഗമനം.
കോട്ടപ്പാറമലനിരകൾക്കു സമീപത്തെ ഊറ്റു കണ്ണി ജനവാസ മേഖലയിലേക്കും തീ പടർന്നു. വിളക്കുപാടത്ത് ജിഷ അശോകൻ, ചന്ദ്രൻ, ചാമക്കാലായിൽ പ്രമോദ് ഉൾപ്പെടെ നാലു കുടുംബങ്ങളുടെ പുരയിടത്തിലേക്കാണ് തീ പടർന്നത്. കോട്ടപ്പാറ വനമേഖലയിൽ മുൾപടർപ്പും ഇല്ലികളും മരങ്ങളും ഉൾപ്പെടെ വൈകിയും കത്തുകയാണ്. രാത്രി കൃഷിയിടങ്ങളിൽ തീ പടരുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
