നെല്ലിക്കുഴി കുറ്റിലഞ്ഞിയിൽ ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയ എരുമയെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന എത്തി സാഹസികമായി പിടികൂടി. കുറ്റിലഞ്ഞി എൽപി സ്കൂളിന് സമീപം റഷീദ് എടപ്പാറയുടെ ഇറച്ചി കടയിൽ അറവിനായി എത്തിച്ച എരുമയാണ് വാഹനത്തിൽനിന്നും ഇറക്കുന്നതിനിടയിൽ വിരണ്ടോടിയത്. നാട്ടുകാർ എരുമയെ പിടിക്കാൻ ഏറെ നേരം ശ്രമിച്ചെങ്കിലും ശ്രമം വിഫലമായമാകുകയായിരുന്നു.

തുടർന്ന് കോതമംഗലം അഗ്നി രക്ഷാസേന വിവരമറിയിക്കുകയായിരുന്നു. റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കുരുക്കിട്ട് അതിസാഹസികമായി എരുമയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തിൽ കയറ് കെട്ടി എരുമയെ വരുതിയിലാക്കി ഉടമസ്ഥന് കൈമാറി.

സ്റ്റേഷന് ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.വി. ദീപേഷ്, കെ.പി. ഷമീർ, വി.എം. ഷാജി, കെ.കെ. രജീഷ്, ജിസൺ കെ. സജി, ജിയോബിൻ ചെറിയാൻ, പി.കെ. രാജീവൻ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

