
മൂവാറ്റുപുഴ: കളഞ്ഞ് കിട്ടിയ പണവും രേഖകളും തിരിച്ച് നൽകി മാതൃകയായി അന്യസംസ്ഥാന തൊഴിലാളി. രണ്ടാർ കരയിൽ വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ആർകേശ് (20) ആണ് റോഡിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം അടങ്ങിയ പേഴ്സും രേഖകളും ഉടമക്ക് തിരികെ നൽകി മാതൃകയായത്. അടിമാലിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തിരുവാങ്കുളം സ്വദേശി കണ്ടിത്തറ ജോസിന്റെ നഷ്ടമായ പണവും പേഴ്സും കോതമംഗലത്ത് വഴിയരികിൽ കരിമ്പിൻ ജൂസ് വിൽക്കുന്ന ആർകേശിന് റോഡിൽ നിന്ന് ലഭിക്കുകയായിരുന്നു. പേഴ്സിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ജോസിനെ വിവരം അറിയിച്ചു. ആർകേശിന്റെ താമസ സ്ഥലത്തിന് സമീപമുള്ള രണ്ടാർ കോട്ടപ്പുറം കവലയിൽ എത്തിയ ജോസിന് രാഷ്ട്രീയ പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പണവും രേഖകളും കൈമാറി. ആർകേശിന്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരായ ഫാറൂഖ് മടത്തോടത്ത്, കെ.എം. റഫീക്ക് മീരാൻപാറക്കൽ, അബ്ബാസ്, കെ.എം. അഷറഫ്, നിസാർ നടുക്കുടി, ഇസ്ഹാക്ക് തെക്കേവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
