കാരമുക്ക്: ഗവ. ഐടിഎ റോഡിൽ 4 സെന്റ് നഗറിന് സമീപം തുരുത്തിയിൽ സുഗതന്റെ വീടിനു തീപിടിച്ച് ഒരു മുറി മുഴുവനായും അടുക്കള ഭാഗികമായും കത്തി നശിച്ചു.

കട്ടിൽ, കട്ടിലിനടിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ, മൊബൈൽ ഫോൺ, അലമാര, ഫാൻ, ജനലുകൾ, വസ്ത്രങ്ങൾ എന്നിവ കത്തിനശിച്ചു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് 2 മണിയോടെ വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. നാട്ടികയിൽ നിന്ന് അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ പൂർണമായും അണച്ചത്.

മകളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു സുഗതന്റെ കുടുംബം. ഉച്ചയ്ക്ക് സുഗതൻ വന്ന് ഊണ് കഴിച്ച് ജോലിക്ക് പോയ ശേഷമാണ് തീപിടിത്തമുണ്ടായത്.

