February 6, 2026
private bus
സ്വകാര്യ ബസുകളിൽ ഇനി ഷാഡോ പോലീസും എംവിഡി ഉദ്യോഗസ്ഥരും

കൊച്ചി: മത്സരയോട്ടം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് സ്വകാര്യബസുകളിൽ ഷാഡോ പോലീസിനെ നിയോഗിച്ചുതുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ഷാഡോ പോലീസ് മാതൃകയിൽ ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളിൽ വിന്യസിപ്പിക്കുന്നത് പരിഗണയിലാണെന്ന് എറണാകുളം ആർടിഒയും അറിയിച്ചിട്ടുണ്ട്. കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ജനുവരി 14-ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചി സിറ്റി പരിധിയിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ വിലയിരുത്താൻ പോലീസ്, ആർടിഒ, നഗരസഭാ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തതായി മോട്ടോർ വാഹനവകുപ്പ് കമ്മിഷനെ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി മോട്ടാർ വാഹനവകുപ്പ്, പോലീസ് എന്നിവയുടെ സംയുക്ത പരിശോധനാവേളയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശം മോട്ടോർ വാഹനവകുപ്പ് കമ്മിഷനിൽ സമർപ്പിച്ചു. ലഹരിയുപയോഗം കർശനമായി തടയുന്നതിന് പരിശോധനാവേളയിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് എക്‌സൈസ് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.

പോലീസ്, മോട്ടോർ വാഹനവകുപ്പിന്റെ നിർദേശങ്ങൾ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർക്കും ജോയിന്റ് എക്‌സൈസ് കമ്മിഷണർക്കും കൈമാറണമെന്നും പോലീസ്, മോട്ടോർവാഹനം, എക്‌സിക്യുട്ടീവ് എൻജിനിയർ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ എന്നിവരുടെ യോഗം ജില്ലാ പോലീസ് മേധാവി (സിറ്റി) വിളിച്ച് ആവശ്യമായ നിർദേശം പൊതുമരാമത്ത്, എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു.

റോഡ് തകരാർ പരിഹരിക്കുക, കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നറിയിപ്പുകൾ സ്ഥാപിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഏകോപിപ്പിക്കണം. സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് എക്‌സൈസ് പ്രത്യേക പരിശോധനകൾ നടത്തണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, എക്‌സൈസ് ഉദ്യോഗസ്ഥർ കമ്മിഷനിൽ സമർപ്പിക്കണം.

എസിപി (ട്രാഫിക്), ജോയിന്റ് ആർടിഒ, റോഡ് സുരക്ഷാ കമ്മിഷണറുടെ പ്രതിനിധി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ (റോഡ്സ്), ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ പ്രിതിനിധി എന്നിവർ മാർച്ച് 3-ന് രാവിലെ 10-ന് പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണം. മത്സരഓട്ടത്തിനിടയിൽ സ്വകാര്യ ബസിടിച്ച ഓൺലൈൻ ഭക്ഷണവിതരണക്കാരനായ അബ്ദുൾ സലീമിന്റെയും ടി.ഡി. റോഡ് സ്വദേശി ഗോവിന്ദ് എൻ. ഷേണായിയുടെയും അപകടമരണത്തിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!