ബസിൽ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചതു ചോദ്യം ചെയ്ത ഭർത്താവ് മംഗലത്തുനട സനു സദാനന്ദനാണ് തലയ്ക്കും മുഖത്തും മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴയിലാണ് സംഭവം.

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ സഹയാത്രികൻ അപമാനിക്കാൻ ശ്രമിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് മർദനം ഉണ്ടായത്. ബസിൽ കയറിയപ്പോൾ മുതൽ ഇയാൾ ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്നു ഭാര്യ ആദിത്യ പറഞ്ഞു. കച്ചേരിത്താഴത്ത് എത്തിയപ്പോഴാണ് സനു ഇതു ചോദ്യം ചെയ്തത്. ഇതോടെ മർദിക്കുകയായിരുന്നു.

സ്വകാര്യ ബസിലെ ജീവനക്കാരോട് ബസ് നിർത്താനും മർദനം ഒഴിവാക്കാൻ ഇടപെടാനും ആവശ്യപ്പെട്ടിട്ട് ഇവർ ഒഴിഞ്ഞു മാറിയെന്നും ആദിത്യ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ബഹളം വച്ചതോടെ നെഹ്റു പാർക്കിൽ ബസ് നിർത്തുകയായിരുന്നു. മർദിച്ചയാൾ ബസിൽ നിന്നിറങ്ങി പോകുകയും ചെയ്തു.പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

