കൊച്ചി: യുവതിയെ കടന്നുപിടിച്ചതടക്കം വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സിപിഒ പെരുമ്പാവൂര്‍ സ്വദേശി സുബീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. പള്ളുരുത്തി സ്റ്റേഷനിലെ പാസ്പോര്‍ട്ട് വേരിഫിക്കേഷന്റെ ചുമതലയിലുണ്ടായിരുന്ന വിജേഷ് കഴിഞ്ഞമാസം 22ന് പനയപ്പള്ളി സ്വദേശിനിയുടെ വീട്ടിലെത്തി പാസ്പോര്‍ട്ട് വേരിഫിക്കേഷന്റെ ഭാഗമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. 27കാരിയായ ഇവര്‍ ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്ന് മനസിലാക്കിയ വിജേഷ് പാസ്പോര്‍ട്ട് വേരിഫിക്കേഷനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേനെ ഇവരെ പിന്നീട് ബിഒടി പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയ ശേഷം നിര്‍ബന്ധിച്ച് കാറില്‍ കയറ്റി കടന്നുപിടിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഹാര്‍ബര്‍ പോലീസ് കേസെടുത്തത്തിന് പിന്നാലെയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. വിജേഷ് ഒളിവിലാണ്.

ലഹരി കേസിലെ പ്രതികളെ സഹായിച്ചതിനും ലഹരി സംഘവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതും സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുബീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ റൂറല്‍ പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സുബീര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കും. ഇയാള്‍ക്കെതിരെ കേസെടുത്തേക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ എക്സൈസും എന്‍സിബിയും പെരുമ്പാവൂരില്‍ നടത്തിയ പരിശേധനയില്‍ സുബീറിന്റെ ബന്ധുവീട്ടില്‍നിന്ന് 66 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ സുബീറിന് നേരിട്ട് പങ്കുണ്ടെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

