
ഇടുക്കി: തൊട്ടിയാർ ജലവൈദ്യുത പദ്ധതി തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയിൽ പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വാളറയിൽ ദേവിയാറിനുകുറുകെ സ്ഥാപിച്ചിരിക്കുന്ന തടയണയും അനുബന്ധ ജലാശയവുമാണ് ഈ പദ്ധതിയുടെ ഊർജ്ജ സ്രോതസ്സ്. 222 മീറ്റർ നീളവും ഏഴര മീറ്റർ ഉയരവുമുള്ള ഈ തടയണയുടെ സഹായത്തോടെ സംഭരിച്ചിരിക്കുന്ന ജലം 60 മീറ്റർ നീളമുള്ള കനാലിലൂടെയും തുടർന്ന് 199 മീറ്റർ നീളമുള്ള ടണലിലൂടെയും പ്രവഹിച്ചാണ് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക്കിലേക്കെത്തുന്നത്. 474.3 മീറ്റർ ഉയരത്തിൽ നിന്നും പെൻസ്റ്റോക്കിലൂടെ അതിശക്തിയായി പ്രവഹിക്കുന്ന ജലം പവർഹൗസിലെ വെർട്ടിക്കൽ ഷാഫ്റ്റ് പെൽട്ടൺ ടർബൈനുകളെ ചലിപ്പിക്കുന്നു.

തൊട്ടിയാറിലെ രണ്ട് ജനറേറ്ററുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി 11 കെ വി ബാർ 220 കെവി ട്രാൻസ്ഫോർമറുകളിലൂടെ കടന്ന് സ്വിച്ച് യാർഡിലേക്കെത്തുകയും തുടർന്ന് ലോവർപെരിയാർ ചാലക്കുടി 220 കെ വി ലൈനിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു.
നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതികൂടി ഉടൻ പ്രവർത്തനക്ഷമമാകുന്നതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതിയാണ് പുതുതായി എത്തിച്ചേരുക.

വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പദ്ധതി മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കും. എം. പി,ജില്ലയിൽനിന്നുള്ള എം. എൽ. എമാർ, മറ്റ് ജനപ്രതിനിധികൾ, വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പ്രതിവർഷം 99 ദശലക്ഷം
യൂണിറ്റ് വൈദ്യുതി
30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് തൊട്ടിയാർ ജലവൈദ്യുത പദ്ധതിയിലുള്ളത്. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവർഷം ഈ നിലയത്തിൽ നിന്നും ലഭ്യമാവുക.പെരിയാറിന്റെ തീരത്ത്, ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ നീണ്ടപാറ എന്ന സ്ഥലത്താണ് തോട്ടിയാർ പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഉത്പാദനം കഴിഞ്ഞുള്ള ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്ന തരത്തിലാണ് നിർമ്മാണം.