
കൊച്ചി • കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. ഒരു മാസത്തെ പരിശോധന നേരിട്ട് കണ്ട് വിലയിരുത്താൻ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

വോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്ട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധിക്കുന്നത്. തിരഞ്ഞെടുപ്പ് കുറ്റമറ്റതും സുതാര്യവുമാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് റവന്യൂ വകുപ്പ് നടത്തുന്ന പരിശോധനയിൽ 4700 കൺട്രോൾ യൂണിറ്റുകളും 11,760 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം അതീവ സുരക്ഷയുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിട്ടുള്ളവയാണ് ഇവ. ഓരോ മെഷീനും വെവ്വേറെ പരിശോധിച്ച് പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. തുടർന്ന് ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സജ്ജീകരിക്കുന്നത് പോലെ മൂന്ന് ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളുമായി ഘടിപ്പിച്ച ശേഷം ഡമ്മി തിരഞ്ഞെടുപ്പ് കൂടി നടത്തി കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം സീൽ ചെയ്ത് സ്റ്റോർ റൂമിൽ തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾക്ക് 45 മിനുട്ടോളം സമയം എടുക്കും. പരിശോധനക്കായി പ്രത്യേക വേദിയാണ് ഉഷ ടൂറിസ്റ്റ് ഹോമിൽ ഒരുക്കിയിട്ടുള്ളത്.

ആദ്യഘട്ട പരിശോധന ഓഗസ്റ്റ് 25-നകം പൂർത്തിയാക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 120 ഉദ്യോഗസ്ഥരാണ് വോട്ടിംഗ് മെഷീനുകൾ പരിശോധിക്കുന്നത്. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

60 പേരാണ് ഒരേ സമയം പരിശോധന നടത്തുക. രണ്ട് പേർ വീതമുള്ള 20 ടീമുകളാണ് പരിശോധിക്കുക. ഓരോ സംഘങ്ങളും ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരേ സമയം പരിശോധിക്കും. മേൽനോട്ടം നടത്തുന്നതിനായി 20 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഒരാഴ്ച്ച പൂർത്തിയാകുമ്പോൾ രണ്ടാം സംഘം ചുമതല ഏറ്റെടുക്കും. വോട്ടിംഗ് മെഷീൻ്റെ മുഴക്കം മൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനാണ് ഇങ്ങനെ ചെയ്യുന്നത്.

പരിശോധന ഹാളിൽ വോട്ടിംഗ് മെഷീൻ നിർമാതാക്കളായ ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. യന്ത്രങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനാണിത്.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിനാണ് പരിശോധനയുടെ ചുമതല. കണയന്നൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ജോസഫ് ആൻ്റണി ഹെർടിസ്, കിഫ്ബി യൂണിറ്റ് തഹസിൽദാർ എസ്. ഹരികുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.