കൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ 86 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ ജില്ലയിലാണ്. നഗരത്തിനു പുറമേ ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഗുളികകള്‍ കഴിക്കാതിരിക്കുക. സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത ഒറ്റമൂലി ചികിത്സ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കരുതെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കുന്നു. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
മഞ്ഞപ്പിത്തത്തിനു പുറമേ 28ഓളം പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 75ല്‍ അധികം പേര്‍ക്ക് രോഗം സംശയിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ 5,772 പേരാണ് വിവിധയിടങ്ങളില്‍ പനിക്ക് ചികിത്സ തേടിയത്. വൈറല്‍ പനി ബാധിതരാണ് ഭൂരിഭാഗവും.
