
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ തലക്കോട്-വെള്ളക്കയം-ബ്ലാത്തിക്കവല റോഡിന്റെ വെള്ളക്കയം മുതൽ മൊട്ടമുടി വരെയുള്ള ഭാഗം കോണ്ക്രീറ്റ് ചെയ്യുന്നതിന് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. ആധുനിക രീതിയിൽ റോഡ് നിർമിക്കുന്നതിന് 2020-ൽ ആറു കോടിയുടെ ഭരണാനുമതിയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നത്. ടെൻഡർ ചെയ്ത് നിർമാണത്തിനായി കരാറുകാരന് കൈമാറുകയും ചെയ്തു. മൂന്നു കിലോമീറ്റർ ദൂരത്തിൽ മണ്ണ് ജോലികളും അഞ്ചു കലുങ്കുകളുടെയും ഓടകളുടെയും അത്യാവശ്യം സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും നിർമിക്കുകയും ചെയ്തു. ഇത്രയും ദൂരം സോളിംഗ് ജോലികളും പൂർത്തിയാക്കിയിരുന്നു.
നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ 2021-ൽ റോഡ് നിർമാണം തടഞ്ഞ് വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇതോടെ റോഡിന്റെ നിർമാണവും നിലയ്ക്കുകയായിരുന്നു. ഇതിനാണ് പുതുക്കിയ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. റോഡിന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ജോസഫ് പറഞ്ഞു.