
കൊച്ചി • കടമക്കുടി ദ്വീപ് സമൂഹത്തിൻ്റെ അനന്ത ടൂറിസം വികസന സാധ്യത തിരിച്ചറിയാനും അത് വിപുലമായ തോതിൽ സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ട് കടമക്കുടി കാഴ്ചകളും വിനോദ സഞ്ചാര സെമിനാറും സംഘടിപ്പിക്കുന്നു. ഈ മാസം 12, 13 തീയതികളിലാണ് പരിപാടിയെന്നു ‘കടമക്കുടി : ഹെവൻ ഓഫ് വാലി’ സംഘാടക സമിതി ചെയർമാൻ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വാർത്താസമ്മേളത്തിൽ അറിയിച്ചു.
കടമക്കുടി കാഴ്ചകൾ ചൊവ്വാഴ്ച വ്യവസായ നിയമ, കയർ മന്ത്രി പി രാജീവ് ബോൾഗാട്ടി റോ – റോ ജെട്ടിയിൽ ഉദ്ഘാടനം ചെയ്യും. കലക്ടർ പ്രിയങ്ക ജി അധ്യക്ഷയാകും.
തുടർന്ന് ബോട്ടുകളിലായി കടമക്കുടി പ്രയാണം – കടമക്കുടി കാഴ്ചകൾ ആരംഭിക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹി പ്രതിനിധികളും , ടൂറിസം ഉൾപ്പെടെ വകുപ്പ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ടൂറിസം തത്പരരും പ്രയാണത്തിൽ അണിചേരും.
ജലവഴികളിലൂടെ കടമക്കുടി ദ്വീപുകളുടെ മാസ്മരികത തിരിച്ചറിയാൻ യാത്ര ഉതകും. മായാ മനോഹരമായ ദൃശ്യങ്ങൾ, ചെമ്മീൻ – മീൻ കെട്ടുകൾ, തുടങ്ങി വിവിധയിനം ദേശാടന പക്ഷികളേയും യാത്രയിൽ കാണാനാകും.
യാത്രയിൽ ഇടത്താവളങ്ങൾ ഉണ്ടാകും. ലഘു ഭക്ഷണങ്ങളുമുണ്ടാകും. തെയ്യം, ശിങ്കാരി മേളം, നാടൻപാട്ട് എന്നിവ ഇടവേളകളിൽ സങ്കടിപ്പിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ ശേഷം കടമക്കുടിയിൽ നിന്നു തിരിക്കും.
13 ന് രാവിലെ 10 ന് ടൂറിസത്തിൻ്റെ എല്ലാ തലങ്ങളിലുമെത്തുന്ന വികസന സെമിനാർ കോതാട് നിഹാര റിസോർട്ടിൽ നടക്കും. മേഖലയിലെ പ്രഗത്ഭരും പ്രസിദ്ധരും പങ്കെടുക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ , ജിഡ സെക്രട്ടറി രഘുരാമൻ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡിടിപിസി സെക്രട്ടറി ലിജു ജോസഫ്, മനോജ് പടമാടൻ എന്നിവരും പങ്കെടുത്തു.