
പെരുമ്പാവൂർ ■ കുറിച്ചിലക്കോട് -കുറുപ്പുംപടി റോഡിൽ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനും കയ്യേറ്റം ഒഴിപ്പിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കുറിച്ചിലക്കോട് സെന്റ് ആന്റണീസ് ദേവാലയങ്കണത്തിൽ ചേർന്ന കുറിച്ചിലക്കോട് ജംഗ്ഷൻ നവീകരണ സമിതിയുടെ യോഗത്തിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എ വ്യക്തമാക്കി. റോഡിന് ആവശ്യമായ സ്ഥലം വിട്ടു നൽകിയ സെന്റ് ആന്റണീസ് പള്ളി അധികൃതരോട് നന്ദി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, കോടനാട് സെന്റ് ആന്റണീസ് വികാരി ജോമോൻ കൈപ്രംമ്പാട്ട് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോജാ റോയ് , മുൻ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് , പഞ്ചായത്ത് മെമ്പർ സിനി എൽദോ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷിജോ സേവിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉഷസ്, അസിസ്റ്റന്റ് എൻജിനിയർ അഞ്ജലി എന്നിവർ സംസാരിച്ചു.

തുടരെയുണ്ടാകുന്ന അപകടങ്ങളെ തുടർന്നാണ് ജംഗ്ഷൻ വിപുലീകരണം വേണമെന്ന ആവശ്യമുയർന്നത്. തുടർന്ന് ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് കർമ്മസമിതി രൂപീകരിച്ചു. ഇതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. റോഡിൻറെ ഇരുവശങ്ങളിലേയും പുറമ്പോക്ക് കണ്ടെത്തി ഒഴിപ്പിക്കണമെന്ന് യോഗത്തിൽ പൊതുവായി ഉയർന്ന ആവശ്യത്തെ തുടർന്നാണ് തഹസിൽദാരെയും കളക്ടറെയും ബന്ധപ്പെട്ട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനുള്ള നിർദ്ദേശം എം.എൽ.എ ഉദ്യോഗസ്ഥർക്ക് നൽകിയത് .
കീഴില്ലത്തു നിന്നുംതുടങ്ങി കുറിച്ചിലക്കോട് അവസാനിക്കുന്ന പഴയ രാജപാത. അന്ന് 12 മീറ്റർ വീതി
1982 ൽ 8 മീറ്റർ വീതിയിൽ പിഡബ്ല്യുഡി റോഡ് പുനർ നിർമ്മിച്ചു
ഇപ്പോൾ ചില ഭാഗങ്ങളിൽ 7 മീറ്റർ മാത്രം.
മലയാറ്റൂർ തീർത്ഥാടന കാലത്ത് വളരെ തിരക്കനുഭവപ്പെടുന്ന ജംഗ്ഷനിൽ ഗതാഗത തിരക്ക് കുറയ്ക്കാനും അപകടങ്ങൾ ഇല്ലാതാക്കാനുമുള്ള ജനങ്ങളുടെ പരിശ്രമത്തിന് ഒപ്പം നിൽക്കും. റോഡ് വീതി കൂട്ടും. കാന സ്ലാബിട്ട് മൂടും. നടപ്പാത സ്റ്റീൽ ഹാൻഡ് റെയിൽ സ്ഥാപിച്ച് ഭംഗിയാക്കാൻ ശ്രമിക്കും. ആധുനിക രീതിയിലുള്ള മികച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ജംഗ്ഷനിൽ സ്ഥാപിക്കും
എൽദോസ് കുന്നപ്പള്ളി
എംഎൽഎ
