കോതമംഗലം: ഡാറ്റാ സയൻസിലെ നൂതന രീതികളെയും, സാധ്യതകളെയും കുറിച്ച് സംവദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിദഗ്ധർ ഒത്തുചേർന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന വൈജ്ഞാനിക സദസ്സുകൾക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന പാനൽ ചർച്ചയും വിദേശ പ്രതിനിധികളുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.
വിദേശ വിദഗ്ധരുടെ പ്രഭാഷണങ്ങൾക്ക് പുറമേ ഡാറ്റാ അനലിറ്റിക്സ് മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് വിദേശ സർവകലാശാലകളിൽ നിന്നുള്ള പ്രമുഖർ പ്രബന്ധങ്ങളും അവതരിപ്പിച്ചു.
ഡോ. നോർമ അലിയാസ് (മലേഷ്യ) ഡാറ്റാ സയൻസിന്റെ ജ്യാമിതീയ അടിത്തറയെക്കുറിച്ചും ആധുനിക ടോപ്പോളജിക്കൽ ഇൻഫറൻസിനെക്കുറിച്ചും സംസാരിച്ചു. ഡോ. ഉച്ചന്ന ഡാനിയൽ അനി (യുകെ) സൈബർ സുരക്ഷാ രംഗത്ത് ഡാറ്റാ സയൻസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഡോ. അന്ന വി. നർത്തോവ (റഷ്യ) ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകൾ ശാസ്ത്രീയ ഡാറ്റാ വിശകലനത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു.
ബെൻസി അലക്സ് മാത്യു (അമേരിക്ക) ജനറേറ്റീവ് എഐ ഏജന്റുകൾ ക്ലിനിക്കൽ വികസന മേഖലയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പ്രബന്ധം ഡോ. ജോബി ആന്റണി (ഐ യു എ സി, ന്യൂഡൽഹി) പാരലൽ കമ്പ്യൂട്ടിംഗിലും എഐ മേഖലയിലും ജിപിയുകളുടെ കരുത്തിനെക്കുറിച്ച് സംസാരിച്ചു. ഐയുഎസി-പരം രുദ്ര കമ്പ്യൂട്ടറിനെക്കുറിച്ചും ആധുനിക കമ്പ്യൂട്ടിംഗിൽ ജിപിയു വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ചും അദ്ദേഹം വിശദമായ പ്രബന്ധം അവതരിപ്പിച്ചു.
ഡോ. ഫൂൽ സിംഗ് (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹരിയാന) മാത്തമാറ്റിക്കൽ ട്രാൻസ്ഫോമുകൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടേഷണൽ ഇമേജിംഗിനെക്കുറിച്ച് സംസാരിച്ചു.
ഡോ. വിനോദ് കുമാർ പി.ബി. (മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, കൊച്ചി) ഡൈനാമിക് മെട്രിക് സ്പേസുകളെക്കുറിച്ചും ഡാറ്റാ അനാലിസിസിനെക്കുറിച്ചും ക്ലാസ് നയിച്ചു.
സമ്മേളനത്തിലെ അവസാന ദിനം നടന്ന ‘അക്കാദമിക് – ഇൻഡസ്ട്രി കൊളാബോറേഷൻ ഇൻ ഡാറ്റാ സയൻസ് & എഐ’ എന്ന വിഷയത്തിലെ പാനൽ ചർച്ച ഏറെ ശ്രദ്ധേയമായി. വിദ്യാഭ്യാസ മേഖലയും വ്യവസായ ലോകവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഗഹനമായ സംവാദങ്ങളാണ് ചർച്ചയിൽ നടന്നത്.
മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഡോ. ജോബി ആന്റണി (ഐയുഎസി, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, ഗവ. ഓഫ് ഇന്ത്യ) മോഡറേറ്ററായ ചർച്ചയിൽ
ഡോ. ഡി. ധനുരാജ് (സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി),
ജോസഫ് തോമസ് തച്ചിൽ (നോളജ് ഗ്രാഫ് റിസർച്ച് എഞ്ചിനീയർ, ഡോമൈൻ),
ഡോ. നോർമ അലിയാസ് (യൂണിവേഴ്സിറ്റി ടെക്നോളജി മലേഷ്യ),
ഡോ. ഉച്ചന്ന ഡാനിയൽ അനി (കീൽ യൂണിവേഴ്സിറ്റി, യുകെ),
ഡോ. ജെ. സുരേഷ് കുമാർ (എൻഎസ്എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി) എന്നി പ്രമുഖർ പാനലിസ്റ്റു കളായി പങ്കെടുത്തു.
മാറുന്ന സാങ്കേതിക വിദ്യകൾക്കനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ ലഭ്യമാകുന്ന അവസരങ്ങളെക്കുറിച്ചും ചർച്ചയിൽ പങ്കെടുത്തവർ വിശദീകരിച്ചു.
മൂന്ന് ദിവസത്തെ ചർച്ചകൾക്കും പ്രബന്ധാവതരണങ്ങൾക്കും ശേഷം നടന്ന സമാപന സമ്മേളനത്തിൽ മികച്ച ഗവേഷകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കൺവീനർ ഡോ. രാജേഷ് കെ. തുമ്പക്കര, കോർഡിനേറ്റർ ഡോ. നിധി പി. രമേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
