ഇടുക്കി : റവന്യൂ രേഖകളനുസരിച്ച് റോഡിന്റെ മധ്യത്തിൽ നിന്ന് നിന്ന് ഇരുവശത്തേക്കും 50 അടി വീതം ആകെ100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണ് എന്ന ബഹു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി നിലനിൽക്കെ, കേരള സർക്കാരിനും ചീഫ് സെക്രട്ടറിക്കും വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഈ ഭാഗം വനമാണെന്ന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധിയുണ്ടായിട്ടുള്ളതും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടുള്ളതും.
സർക്കാർ ഇടപെട്ട് യഥാർത്ഥ രേഖകൾ കോടതിയിൽ ഹാജരാക്കി അടിയന്തരമായി നടപടികൾ എടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മത സാമുദായിക, കർഷക സംഘടനകളും രാഷ്ട്രീയപാർട്ടികളും, വ്യാപാരികളും ഓട്ടോ, ടാക്സി, ബസ് തൊഴിലാളികളും സംയുക്തമായി ജൂലൈ 31 വ്യാഴാഴ്ച 10.30 ന് ആറാം മൈലിൽ നിന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിലേക്ക് ലോങ്ങ് മാർച്ചും പ്രതിഷേധ ധർണയും നടത്തുകയാണ്.
രാവിലെ 9.30ന് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അടിമാലി ടൗണിൽ എത്തിച്ചേരുന്ന മാർച്ച് ആറാം മൈലിലേക്ക് വാഹന റാലിയായി പുറപ്പെടും
10.30 ന് ആറാം മൈലിൽ നിന്ന് ആയിരക്കണക്കിന് ബഹുജനങ്ങൾ പങ്കെടുക്കുന്ന ലോങ്ങ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. 12 30ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുമ്പിൽ വമ്പിച്ച ധർണാ സമരം നടക്കും. ഹൈറേഞ്ച് മേഖലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും വേണ്ടി ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനും, വനംവകുപ്പിന്റെയും പരിസ്ഥിതി സംഘടനകളുടെയും ജനവിരുദ്ധ നിലപാടുകൾ തുറന്നുകാണിക്കുന്നതിനും ജനവികാരം സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി നടത്തപ്പെടുന്ന ബഹുജനപ്രക്ഷോഭത്തിൽ ദേവികുളം താലൂക്കിലെ മുഴുവൻ വ്യാപാരികളും കടകൾ അടച്ചും തൊഴിലാളികൾ പണിമുടക്കിയും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താൽ ആചരിക്കുമെന്ന് സംഘടകർ അറിയിച്ചു.
