February 7, 2026
MA clg
എം. എ. കോളേജിലുള്ളതുപോലെ കായിക പരിശീലനത്തിന് ഇത്രയും സൗകര്യമുള്ള കോളേജുകൾ ഇന്ത്യയിൽ വിരളമായിരിക്കും

കോതമംഗലം: രാജ്യത്തിന് ഒളിമ്പ്യന്മാരെയും,നിരവധി രാജ്യാന്തര കായിക താരങ്ങളെയും സംഭാവന ചെയ്തതിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനുള്ള പങ്ക് വളരെ വലുതാണെന്നും, നിരവധി ദേശീയ, അന്തർ ദേശീയ കായിക പ്രതിഭ കളാണ് എം. എ. കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് ഉയർന്ന് ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയിട്ടുള്ളതെന്നും അർജുന അവാർഡ് ജേതാവ് ജോസഫ് ജി അബ്രഹാം പറഞ്ഞു. എം. എ. കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ യശസ്സ് ഉയർത്തിയ അന്തർ ദേശീയ കായിക പ്രതിഭ കൾക്കും, പരിശീലകർക്കും, അധ്യാപകർക്കും കോളേജ് അസോസിയേഷൻ ഒരുക്കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിരവധി കോളേജുകൾ ഉണ്ടെങ്കിലും, ഒരു കോളേജിൽ നിന്ന് തന്നെ നിരവധി ദേശീയ, അന്തർ ദേശീയ താരങ്ങൾ ഉയർന്നു വരുന്നത് കോതമംഗലം എം. എ. കോളേജിൽ നിന്നുമാത്രമാണെന്നും,അതിന് കോളേജ് മാനേജ്മെന്റിന് എല്ലാ അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. എം. എ. കോളേജിലുള്ളതുപോലെ കായിക പരിശീലനത്തിന് ഇത്രയും സൗകര്യമുള്ള കോളേജുകൾ ഇന്ത്യയിൽ വിരളമായിരിക്കുമെന്ന് ഡോ. വിന്നി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, മുൻ കായിക വകുപ്പ് മേധാവികളായ പ്രൊഫ. പി. ഐ ബാബു, ഡോ. മാത്യൂസ് ജേക്കബ്, പൂർവ വിദ്യാർത്ഥിയും, കായിക പരിശീലകനുമായ ദ്രോണാചാര്യ അവാർഡ് ജേതാവ് ടി പി. ഔസേഫ്, കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾജമ്പിൽ സ്വർണം നേടിയ അർജുന അവാർഡ് ജേതാവ് എൽദോസ് പോൾ, രാജ്യാന്തര പഞ്ചഗുസ്തി താരം ജസ്റ്റിൻ ജോസ്, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി ചെട്ടിയാംകുടിയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒളിമ്പ്യന്മാരായ അനില്‍ഡാ തോമസ്, ഗോപി ടി, തുടങ്ങി വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ ദേശീയ ടീമിന്റെ ഭാഗമായിരുന്ന എം. എ. കോളേജിലെ നിരവധി മുൻ അന്തർ ദേശീയ കായിക താരങ്ങളും, പരിശീലകരും, കൂടാതെ എം. എ. ഇന്റർ നാഷണൽ സ്കൂളിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക പ്രതിഭകളും ആദരവ് ഏറ്റുവാങ്ങി. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം. എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി , ഗവേർണിങ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, പ്രിൻസിപ്പൽമാർ, മുൻ അധ്യാപക-അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!