
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. എ. സോഷ്യോളജി വിദ്യാർത്ഥികൾ സാമൂഹിക സേവനത്തിന്റെ ഭാഗമായി പൈങ്ങോട്ടൂർ, ഞാറക്കാട് സെന്റ്.ജെറോംസ് എൽ.പി സ്കൂളിലെ വിവിധ ക്ലാസ്സ് മുറികൾ വർണ്ണാഭമായ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.എം. എ. കോളേജ് വിദ്യാർത്ഥികളായ അനിലാമോൾ ബിനു, അനൂപ സജി, നിയ ബേസിൽ, ക്രിസ്റ്റിൻ ചെറിയാൻ, ശരണ്യ മോഹൻ, അഭിരാമി ടി. ഡി, അമൃത ജെ ബോബൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കൊച്ചു കുട്ടികളുടെ ക്ലാസ്സ് മുറികൾ ചിത്രം വരച്ചു മനോഹരമാക്കിയതിനാൽ ഒരു നല്ല പഠന അന്തരീക്ഷം ഒരുക്കുവാൻ സാധിക്കുമെന്ന് സ്കൂൾ ഹെഡ് മാസ്റ്റർ റോയ് മാത്യു പറഞ്ഞു. കുട്ടികളുടെ മാനസീകവും ശാരീരികവുമായ ഉണർവിനു വേണ്ടി യോഗ ക്ലാസും നടത്തി. കുരുന്നുകൾക്ക് ആത്‌മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് വേദിയിൽ വിവിധ കലാപരിപാടികൾ ആവിഷ്ക്കരിച്ചും,എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചുമാണ് എം. എ. കോളേജ് വിദ്യാർത്ഥികൾ മടങ്ങിയത്.