February 6, 2026
MA clg 3-2
എം. എ കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്.

കോതമംഗലം : സർഗ്ഗാത്മകതയുടെ സമസ്ത മേഖലയിലും വെന്നിക്കൊടി പാറിച്ച ഉന്നത പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജെന്ന് പ്രശസ്ത എഴുത്തുകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചുയർന്ന് കലാ, സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലയിൽ തിളങ്ങുന്ന പ്രതിഭകളെ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ അഭിമാനത്തോടെയും, സ്നേഹത്തോടെയും, ആദരവോടെയും കാണുകയും, കേൾക്കുകയും ചെയ്യുന്ന സംവിധായകർ, എഴുത്തുകാർ, ഗായകർ എന്നിവരെല്ലാം ഒരേ വേദിയിൽ സംഗമിക്കുന്ന മനോഹര കാഴ്ചക്കാണ് ഈ ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഒരുപക്ഷെ പല മഹാ സമ്മേളനങ്ങളിലും വേദിയിയുടെ മുൻ നിരയിൽ സ്ഥാനം ലഭിക്കേണ്ട പലരും ഇന്ന് രണ്ടാം നിരയിലും, മൂന്നാം നിരയിലും ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവന്നത് അത്രയും മഹാ പ്രതിഭകളെ ഈ കലാലയം സംഭാവന ചെയ്തതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. എ കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്.

എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ്, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. എം. കെ. ബാബു, ഡോ. സോളി ജോർജ്, പ്രശസ്ത എഴുത്തുകാരായ ഡോ. ടി. എസ് ജോയ്, വി. ജെ. ജെയിംസ്, ചലച്ചിത്ര സംവിധായകരായ രഞ്ജിത് ശങ്കർ, കോളേജ് ഫിലിം ക്ലബ്‌ ഇൻചാർജ് ഡോ. അശ്വതി ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.ചലച്ചിത്ര പ്രതിഭകളായ ബി. അജിത് കുമാർ, രഞ്ജിത്ത് ശങ്കർ, ദേവദത്ത് ഷാജി, ആദർശ് സുകുമാരൻ, സതീഷ് പോൾ,ഏബിൾ ബേബി,പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, അരുൺ ആലപ്പാട്ട്,രഞ്ജിത്ത് കൃഷ്ണമോഹൻ,അനുഷ അരവിന്ദാക്ഷൻ, അരുണിമ, സാഹിത്യ പ്രതിഭകളായ ഡോ. ടി. എസ് ജോയ്, വി. ജെ ജെയിംസ്, സജയ് കെ. വി., സുദീപ് ഇളയിടം, ജെയിൻ ജോസഫ്, അക്ബർ, തുടങ്ങി കേരളത്തിനും, ഇന്ത്യക്കും അഭിമാനമായ പൂർവ വിദ്യാർത്ഥികൾ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ എം. എ. കോളേജ് അസോസിയേഷൻ ഗവർണിങ് ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, മുൻ പ്രിൻസിപ്പൽമാർ, റിട്ട. അധ്യാപക- അനധ്യാപകർ, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!