
മൂന്നാർ: മൂന്നാർ ടൗണിൽ ആർ ഒ ജംഗ്ഷൻ ഭാഗത്ത് കുഴി രൂപം കൊണ്ട പാലത്തിലൂടെയുള്ള യാത്രക്ക് നിയന്ത്രണം. ടൗണിൽ ആർ ഒ ജംഗ്ഷൻ ഭാഗത്തു നിന്നും മാട്ടുപ്പെട്ടി, ദേവികുളം ഭാഗങ്ങളിലേക്ക് പോകുന്നിടത്താണ് പഴയ പാലം സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിലാണ് വലിയ കുഴി രൂപം കൊണ്ടത്. മഴ പെയ്യുക കൂടി ചെയ്തതോടെ കുഴി വലിപ്പമാർജ്ജിക്കുകയും വെള്ളക്കെട്ട് രൂപം കൊള്ളുകയും ചെയ്തു.

☎️9072542341
ഭാരവാഹനങ്ങളും ബസുകളുമൊക്കെ ഈ കുഴിയിൽ ചാടുമ്പോൾ പാലം നിരന്തരം കുലുങ്ങുന്നതും ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് പഴയ പാലത്തിലൂടെയുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ പാലത്തിന് സമീപത്തു തന്നെയുള്ള പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഗതാഗതം ക്രമീകരിച്ചാണ് കുഴി രൂപം കൊണ്ട് പാലം താൽക്കാലികമായി അടച്ചത്. അതേ സമയം പാലത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം ഓണക്കാലമാകുമ്പോഴേക്കും ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നും വാദമുയരുന്നു.
കുഴി രൂപം കൊണ്ടപ്പോൾ തന്നെ അടക്കാൻ നടപടി സ്വീകരിക്കാത്തതാണ് കാര്യങ്ങൾ ഇത്രത്തോളം സങ്കീർണ്ണമാക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടിഷു കാരാണ് മുതിരപ്പുഴക്ക് കുറുകെ മൂന്നാറിനെയും മാട്ടുപ്പെട്ടി, ദേവികുളം മേഖലകളെയും ബന്ധിപ്പിക്കുന്ന ഈ ഇരുമ്പുപാലം നിർമിച്ചത്. കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് പാലം നിർമിച്ചത്. സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലത്തിനു സമാനമായുള്ള സാങ്കേതിക വിദ്യയിലായിരുന്നു നിർമിതി. ഓണാവധി എത്തും മുമ്പെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നാണ് ആവശ്യം