കൂത്താട്ടുകുളം ടൗണിലെ വൻ കുഴികൾ മെറ്റൽ ഇട്ടു നികത്തിയത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണമാകുന്നു. കൂത്താട്ടുകുളത്തു നിന്ന് ഇടയാറിനു തിരിയുന്ന കവല, അശ്വതി കവല, മാർക്കറ്റ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം, ഗവ. ആശുപത്രിത്താഴം എന്നിവിടങ്ങളിലെ വലിയ കുഴികളാണു മെറ്റൽ മാത്രം ഉപയോഗിച്ച് നികത്തിയത് മെറ്റൽ ഇട്ട് ഉറപ്പിച്ചതിനു മുകളിലൂടെ വാഹനങ്ങൾ പോകുമ്പോൾ കല്ല് ഇളകി തെറിക്കുന്ന സ്ഥിതിയാണ്.

ഈ കല്ലുകളിൽ കയറി ഇരുചക്ര വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നു. കൂത്താട്ടുകുളം ഒലിയപ്പുറം റോഡിലും സമാന രീതിയിൽ കുഴി അടച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഇതേ രീതിയിൽ കുഴി അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടു. കുഴിയിൽ നിറച്ച മെറ്റൽ റോഡിൽ നിരന്നത് അപകട സാധ്യത വർധിപ്പിച്ചു.

ഇതോടെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുചക്ര വാഹന യാത്രക്കാർ രംഗത്തെത്തി. കൂത്താട്ടുകുളം– ഒലിയപ്പുറം റോഡ് പൂർണമായും റീ ടാറിങ് ചെയ്യുന്നതിന്റെ ഭാഗമായുള്ള കുഴിയടയ്ക്കലാണ് നടത്തുന്നത് എന്നാണ് വിവരം. എന്നാൽ മഴ ശക്തമാകുന്നതോടെ ടാറിങ് വൈകിയാൽ റോഡിലെ അപകടാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കും.

