
കട്ടപ്പന: ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പന അടിമുടി സുന്ദരിയാകുന്നു. ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് കളർകോഡ് നൽകും. പാതയോരങ്ങളിൽ പൂച്ചെടികളും പൊതുയിടങ്ങളിൽ ചുവർ ചിത്രങ്ങളും ഒരുങ്ങും. പുതു വർഷത്തിന് മുമ്പ് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുയിടങ്ങളിലെ ചുവരുകളിലെല്ലാം ചുവർ ചിത്രത്തിന്റെ ചാരുത പകരും. ഇത്തരത്തിൽ ജില്ലയിലെ രണ്ടാമത്തെ നഗരസഭയായ കട്ടപ്പനയെ മോടി പിടിപ്പിച്ച് കൂടുതൽ ആകർഷകമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.

ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അഞ്ചിന് വ്യാപാരികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം വിളിക്കും. ഡിസംബർ 30നകം നഗരം സൗന്ദര്യവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി പറഞ്ഞു. പദ്ധതി നടപ്പിലാക്കാനായാൽ കട്ടപ്പനയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരമാകുന്നതിനൊപ്പം നഗരത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും ഇതിലൂടെ ടൂറിസം വാണിജ്യ രംഗത്തുൾപ്പെടെ മികച്ച നേട്ടം ലഭ്യമാകും. വിവിധ വിനോദസഞ്ചാരം മേഖലകളിലേക്ക് കടന്നു പോകുന്നവരുടെ പ്രധാന ഇടത്താവളം കൂടിയാണ് കട്ടപ്പന നഗരം. അതുകൊണ്ടുതന്നെ പുത്തൻ പരിഷ്കാരങ്ങൾ നഗരത്തിന് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും കാരണമാകുമെന്നാണ് പ്രതീക്ഷ.
