
മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം ദേശീയപാതയിലെ ബൈപ്പാസ് പദ്ധതികളിൽ ഉണ്ടായിരിക്കുന്ന കാലതാമസം പ്രദേശവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേന്ദ്ര സർക്കാർ അനുവദിച്ച തുക നഷ്ടമാകുന്നത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.
2023-24 സാന്പത്തിക വർഷം കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കേണ്ടിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം കാരണം പദ്ധതി മുന്നോട്ടുപോയില്ല. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കൊപീറ്റണ്ട് അഥോറിറ്റി ഫോർ ലാന്റ് അക്വിസിഷൻ എന്ന ഏജൻസിയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടത്തുന്നത്. എന്നാൽ ഈ നടപടികളിലുണ്ടായ കാലതാമസം കാരണം പദ്ധതി മുന്നോട്ടു പോകുന്നില്ലെന്നും എംപി പറഞ്ഞു.
കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്. സമയബന്ധിതമായി പദ്ധതി ആരംഭിക്കാത്തതിനാൽ ഈ ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും എംപി പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പങ്കെടുത്തു.