
കൊച്ചി: എറണാകുളം മാര്‍ക്കറ്റിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ മാര്‍ക്കറ്റ് സമുച്ചയം ഈ മാസം 14ന് തുറക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സ്മാര്‍ട്ട് സിറ്റി മിഷന് ഫണ്ട് ഉപയോഗിച്ച് 72.69 കോടി രൂപ ചെലവില്‍ 1.63 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക നിലവാരത്തില്‍ എറണാകുളം മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
കൊച്ചി കോര്‍പറേഷനുവേണ്ടി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന് ലിമിറ്റഡാണ് മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 19,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ ബേസ്മെന്റ് ഉള്‍പ്പെടെ അഞ്ച് നിലകളിലായി ആകെ 275 ഷോപ്പുകള്‍ മാര്‍ക്കറ്റ് കോംപ്ലക്സില്‍ ഉണ്ടാകും. ഇതില്‍ 130 എണ്ണം പച്ചക്കറി ഷോപ്പുകളും 52 എണ്ണം സ്റ്റേഷനറി കടകളും 28 എണ്ണം മത്സ്യ, മാംസ ഷോപ്പുകളുമാണ്.

നേന്ത്രക്കായ ഉള്‍പ്പെടെയുള്ളവയുടെ കച്ചവടത്തിനായി 34 ഷോപ്പുകള്‍, ഏഴ് പഴക്കടകള്‍, മുട്ട വില്‍പ്പനയ്ക്കായി മൂന്ന് ഷോപ്പുകള്‍ എന്നിവയും പുതിയ മാര്‍ക്കറ്റ് കോംപ്ലക്സില്‍ ഉണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ മാത്രം 183 ഷോപ്പുകള്‍ ഉണ്ടാകും. ഭാവിയില്‍ ആവശ്യമെങ്കില്‍ രണ്ടും മൂന്നും നിലകളില്‍ കൂടുതല്‍ ഷോപ്പുകള്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിനു പുറമെ ഏറ്റവും മുകളിലത്തെ നിലയില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഒന്നാംനിലയില്‍ ലോഡിംഗ്, അണ്‍ലോഡിംഗ് ഏരിയയുണ്ട്. താഴത്തെനിലയില്‍നിന്ന് ഒന്നാംനിലയിലേക്ക് റാംപിലൂടെ വാഹനം കയറ്റാം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുട്ട തുടങ്ങിയ സ്റ്റാളുകള്‍, സ്റ്റേഷനറി, കയര്‍, കൊട്ട, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയ്ക്കുള്ള സ്റ്റാളുകളും ഇവിടെയുണ്ടാകും. രണ്ടാമത്തെയും മൂന്നാമത്തെയും നിലകള്‍ തുറന്ന നിലയാകും. ഇത് പൂര്‍ണമായും വാണിജ്യ ഇടമായി ഉപയോഗിക്കാനാകും. ഭൂമിക്കടിയിലുള്ള നിലയിലാണ് വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം.

കെട്ടിടത്തിലേക്കുള്ള വൈദ്യുതിക്കായി 40 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകള്‍ ടെറസില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഷോപ്പുകളിലും സ്മാര്‍ട്ട് മീറ്ററുകള്‍ നല്‍കിയിട്ടുണ്ട്. മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കുന്നതിനായി ജനറേറ്ററുകളും ഉണ്ട്. മാലിന്യം സംസ്കരിക്കാന്‍ ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്റുമുണ്ട്. മാര്‍ക്കറ്റില്‍ ദിനംപ്രതിയുണ്ടാകുന്ന മാലിന്യങ്ങളില്‍ ഒരു ടണ്‍ ഇവിടെ സംസ്കരിക്കും. ശേഷിക്കുന്ന മാലിന്യം കോര്പ്പറേഷന് നല്കിയ 15 കോംപാക്റ്ററുകള്‍ ഉപയോഗിച്ച് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും.

നൂറ്റാണ്ട് പഴക്കമുള്ള പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കി 2022 ജൂണിലാണ് പുതിയ മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. കരാര്‍ പ്രകാരം 2024 ജൂണില്‍ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. അഞ്ചരക്കോടി രൂപ ചെലവില്‍ പഴയ മാര്‍ക്കറ്റിലെ കച്ചവടക്കാരെ തൊട്ടടുത്തുതന്നെ താത്കാലികമായി പുനരധിവസിപ്പിച്ചായിരുന്നു നിര്‍മാണം.