വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിലെ പൊതുയോഗത്തോട് അനുബന്ധിച്ചു സഹകാരികൾക്ക് വിതരണം ചെയ്ത കേക്ക് തികയാതെവന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായി പരാതി. കോൺഗ്രസ് നായരമ്പലം മണ്ഡലം ജനറൽ സെക്രട്ടറി വേണു കാവുങ്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ലിയോ കുഞ്ഞച്ചൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരേയും ഞാറക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിയോ കുഞ്ഞച്ചനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മർദനത്തിനു പിന്നിൽ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

25,000 അംഗങ്ങൾ ഉള്ള സ്ഥലത്ത് 4,000 കേക്ക് മാത്രമാണത്രേ വിതരണത്തിൽ എത്തിച്ചത്. ഇതാകട്ടെ ഉച്ചയോടുകൂടി തീർന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരമ്പലത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. ഇനി നായരമ്പലം സർവീസ് സഹകരണ ബാങ്കിലേക്ക് ബഹുജന മാർച്ച് സങ്കടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

