
കൊച്ചി • യാത്രക്കാര്‍ക്ക് കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ യുപിഐ വഴി പേയ്‌മെന്റ് നല്‍കി പേപ്പര്‍ ടിക്കറ്റെടുക്കാന്‍ സൗകര്യം നല്‍കുന്ന ടിക്കറ്റ് വെന്‍ഡിംഗ് മെഷിന്‍ കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം തുടങ്ങി. ജെ.എല്‍.എന്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു സി മെഷിന്‍ ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് അനായാസം വേഗത്തില്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനായി ഒരുക്കുന്ന സൗകര്യങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. രാജ്യത്തെ ചുരുക്കം ചില മെട്രോകളില്‍ മാത്രമാണ് വെന്‍ഡിംഗ് മെഷിനില്‍ യുപിഐ ബന്ധിപ്പിച്ചിട്ടുള്ളത്. ടിക്കറ്റെടുക്കാന്‍ കൗണ്ടറുകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാന്‍ ഇപ്പോള്‍ മറ്റ് നിരവധി സംവിധാനങ്ങളും കൊച്ചി മെട്രോയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റെടുക്കാന്‍ പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വണ്‍ മൊബൈല്‍ ആപ്, വാട്‌സാപ്, ഗൂഗിള്‍ വാലറ്റ് എന്നിവ വഴിയും പേയ് ടിഎം, ഫോണ്‍പേ, റെഡ്ബസ്, ടുമോക്, യാത്രി, ഈസി മൈ ട്രിപ്പ്, ടെലിഗ്രാം ( മൈ മെട്രോ കൊച്ചി), കേരള സവാരി തുടങ്ങിയവ വഴിയും ഇപ്പോള്‍ ടിക്കറ്റ് എടുക്കാം. വാട്‌സാപ്, ഗൂഗിള്‍ വാലറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.
യാത്ര ചെയ്യേണ്ട സ്റ്റേഷന്‍
ടിക്കറ്റ് വെന്‍ഡിംഗ് മെഷിനില്‍ സെലക്ട് ചെയ്തശേഷം ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റ് നല്‍കിയാല്‍ ഉടന്‍ ടിക്കറ്റ് ലഭിക്കും. കറന്‍സി നല്‍കിയും ഇതില്‍ നിന്ന് ടിക്കറ്റ് എടുക്കാം. ഭിന്നശേഷി സൗഹൃദമെഷിനാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍ (സിസ്റ്റംസ്) , ഡോ. എം.പി രാം നവാസ്, ( പ്രോജക്ട്‌സ്), ചീഫ് ജനറല്‍മാനേജര്‍മാരായ മണികണ്ഠന്‍ എ, ഷാജി ജനാര്‍ദ്ദനന്‍, ജനറല്‍ മാനേജര്‍മാരായ മിനി ഛബ്ര (എച്ച്.ആര്‍), ജിഷു ജോണ്‍ സ്‌കറിയ ( ലീഗല്‍) ജോണ്‍സണ്‍ റ്റി.സി ( എസ് ആന്‍ഡ് റ്റി), ജയനന്ദ സോമസുന്ദരം ( ജോയ്ന്റ് ജനറല്‍ മാനേജര്‍ എസ് ആന്‍ഡ് റ്റി), രഞ്ജിത് പി.എസ് ( അസി.മാനേജര്‍ എഎഫ്‌സി ) തുടങ്ങിയവര്‍ പങ്കെടുത്തു.