
കോതമംഗലം: കവളങ്ങാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നേര്യമംഗലത്ത് നിർമ്മാണമാരംഭിച്ച ആയുർവേദ സ്പാ സെന്റർ പണിതുകൊണ്ടിരിക്കുമ്പോൾ ഇടിഞ്ഞു പൊളിഞ്ഞു ചാടിയതിനെ സംബന്ധിച്ചും ഭൂമി വാങ്ങിയതിലും കെട്ടിടം പണിയിലുമുള്ള അഴിമതികളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടു വിവിധ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയത് അന്വേഷിക്കാതിരുന്നതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അംഗം അനൂപ് തോമസും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ബാബു പോളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മൂന്നു മാസത്തിനകം കേസ് അന്വേഷിച്ച് പൂർത്തീകരിക്കണമെന്നു ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി എ. ബദ്റുദ്ദീൻ വിജിലൻസിനു കർശന നിർദ്ദേശം നൽകി. അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചുകൊണ്ട് കേസ്സിൽ ഇടക്കാല വിധി പറഞ്ഞു. ഹർജിക്കാർക്ക് വേണ്ടി പി.എം റഫീഖ് പട്ടവും വിജിലൻസിനു വേണ്ടി ഗവൺമെന്റ് പ്ലീഡറും ഹാജരായി.
ബാങ്കിൽ 2010മുതൽ നടക്കുന്ന അനധികൃത പണമെടുപാടും സാമ്പത്തിക തിരിമറി കളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ ഈ കാര്യം ഉന്നയിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനൂപ് തോമസും ബാബു പോളും പറഞ്ഞു