ഇടുക്കി • ആലുവ മൂന്നാർ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് ജനകീയ മാർച്ച് നടക്കും. രാവിലെ പെരുമ്പൻകുത്തിൽ നിന്ന് കുറത്തിക്കുടിയിലേക്കാണ് ജനകീയ മാർച്ച്. കുറത്തിക്കുടിയിൽ ജനകീയ മാർച്ചിന്റെ സമാപന സമ്മേളനം നടക്കും.

രാജ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാർ രാജ പാത സഞ്ചാരത്തിനായി തുറന്നു നൽകണമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. നിലവിൽ വനംവകുപ്പ് അധീനപ്പെടുത്തിയിട്ടുള്ള പഴയ ആലുവ മൂന്നാർ രാജ പാതയിലൂടെ യാത്ര അനുവദനീയമല്ല. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്കും മാങ്കുളമടക്കമുള്ള കാർഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വർധനവിനും സഹായകരമാകുന്ന റോഡിൻ്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നൽകണമെന്നാണ് ആവശ്യം.

