
കോതമംഗലം: പഴയ ആലുവ – മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തം. കോതമംഗലം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ പഴയ ആലുവ – മൂന്നാർ രാജപാത അവഗണിക്കപ്പെട്ട ചരിത്ര യഥാർഥ്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറിലാണ് ആവശ്യമുയർന്നിരിക്കുന്നത്. വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സലീം ചെറിയാൻ അധ്യക്ഷത വഹിച്ചു. ഫാർമേഴ്സ് അവേർനെസ് റിവൈവർ മൂവ്മെന്റ് ജനറൽ സെക്രട്ടറി സിജിമോൻ ഫ്രാൻസീസ് ക്ലാസെടുത്തു.

200 വർഷത്തിലധികം ചരിത്രമുള്ള നേര്യമംഗലം – അടിമാലി റോഡ് വരുന്നതിനു മുന്പും രാജഭരണകാലത്തും ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പഴയ ആലുവ – മൂന്നാർ രാജപാത നിയമപരമായി യാതൊരുവിധ അവകാശങ്ങളും ഇല്ലാതിരുന്നിട്ടും പൂയംകുട്ടിക്ക് സമീപം കടന്പ കെട്ടി അടച്ചിരിക്കുന്ന വനം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
നിയമപരമായി പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ റോഡ് എത്രയും പെട്ടെന്ന് തുറന്നു കൊടുത്ത് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും കേരളത്തിന്റ ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.

രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് നാളെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ റാലിയിൽ പങ്കെടുക്കാനും യോഗം തീരുമാനിച്ചു. റോയി മാലി, എം.എസ്. എൽദോസ്, ബേബിച്ചൻ നിധീരിക്കൽ, കെ.ഐ. ജേക്കബ്, കെ.വി. ജോളി, കെ.പി. പോൾ, സണ്ണി കെ. തോമസ്, കെ.ടി. മത്തായികുഞ്ഞ്, ടി.ജെ. ജോർജ്, സി.കെ. ജോർജ്, മാർട്ടിൻ കീഴേമാടൻ എന്നിവർ പ്രസംഗിച്ചു.