
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിലെ കല്ലറകൾ തകർത്ത നിലയിൽ. വെള്ളിയാഴ്ച രാവിലെ സെമിത്തേരിയിൽ തിരി കത്തിക്കാൻ എത്തിയവരാണ് കല്ലറകളിലെ ഗ്രാനൈറ്റുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
എളൂർ കുടുംബയോഗത്തിനു കീഴിലുള്ള പഴക്കം ചെന്ന കല്ലറകളാണ് വ്യാഴാഴ്ച രാത്രിയോടെ തകർക്കപ്പെട്ടതായി കാണുന്നത്. സംഭവത്തിൽ പള്ളി ഭാരവാഹികളും കുടുംബയോഗം ഭാരവാഹികളും യാക്കോബായ വിഭാഗവും പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തതിനെതിരേ യാക്കോബായ പള്ളി മാനേജിംഗ് കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്.
അടുത്ത മാസം 29, 30 തീയതികളിൽ യാക്കോബായ, ഓർത്തഡോക്സ് സഭാ തർക്കത്തിലെ കേസ് സുപ്രീകോടതി പരിഗണിക്കാനിരിക്കുകയാണ്. സെമിത്തേരി സംബന്ധിച്ച കേസും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. സെമിത്തേരിക്കു ചുറ്റും പള്ളിയിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രതിഷേധിച്ചു
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ അധീനതയിലും പൂർണ നിയന്ത്രണത്തിലുമുള്ള സെമിത്തേരിയിലെ കല്ലറ തകർത്തതിൽ വികാരി ഫാ. ജേക്കബ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിഷേധിച്ചു. 2025 ജനുവരി 29, 30 തീയതികളിൽ സെമിത്തേരി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സെമിത്തേരിയിൽ അക്രമം നടത്തിയത് ഗൂഢ ലക്ഷ്യത്തോടെയാണ്. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫാ. സി.എം. കുര്യാക്കോസ്, ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, ട്രസ്റ്റിമാരായ സാജു പടിഞ്ഞാക്കര, ജോർജ് സി. കുരുവിള, സെക്രട്ടറി ജയിംസ് മലയിൽ, അഡ്വ. മാത്യു പി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.