പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനക്കാരനായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ആസാം സ്വദേശി നൂര്‍ ഹുസൈൻ (25) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ മുടിക്കല്‍ ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആറ് ആസാം സ്വദേശികള്‍ പിടിയിലായി. അലാവുദ്ദീന്‍ (32), ജാക്കിര്‍ ഹുസൈന് (42) ഹബീബുദ്ദീന്‍ (32), മുസമ്മില്‍ ഹഖ് (27), ഹച്ചെന്‍ അലി (37), മിനാറുള്‍ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം. വിനീര്‍ എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. പ്രതികളുടെ മൊബൈൽ ഫോണുകളും പൈസയും മോഷ്ടിച്ചെന്ന് ആരോപിച്ച് നൂർ ഹുസൈനെ പ്രതികൾ പിന്തുടർന്ന് പിടികൂടി കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ താമസസ്ഥലത്ത് എത്തിച്ചു. തുടർന്ന് സമീപത്തെ മുറിയിൽ കൊണ്ടുപോയി മർദിച്ചവശനാക്കി പൂട്ടിയിടുകയായിരുന്നു.
സംഭവം അറിഞ്ഞ് എത്തിയ കമ്പനിയുടമയുടെ മകന്റെ നിർദേശപ്രകാരം നൂർ ഹുസൈനെ രാവിലെ എട്ടോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ഇയാൾ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയും പോലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. ശരീരത്തിൽ ഏറ്റ ചതവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐമാരായ പ്രവീൺ പ്രകാശ്, എസ്. എൽ. അർജുൻ, അബ്ദുൾ ജലീൽ, എഎസ്ഐമാരായ രതീശൻ, എം.ബി. സുബൈർ, സീനിയർ സിപിഒമാരായ രജിത് രാജൻ, മുഹമ്മദ് ഷാൻ, എം.കെ. നിഷാദ്, പി.എൻ. അനുരാജ്, എൻ.പി. ബിന്ദു എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
