പിറവം കാരൂർകാവ് -മുളന്തുരുത്തി റോഡിൽ കാലഹരണപ്പെട്ട ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നത് പ്രതിസന്ധിക്കിടയാക്കുന്നു. പാമ്പ്ര കവലയ്ക്കു സമീപമാണ് ഈ ദിവസങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.

റോഡിനടിയിൽ നിന്നു ഉറവ പോലെ എത്തുന്ന വെള്ളം നൂറു മീറ്ററോളം റോഡിലൂടെ പരന്നൊഴുകി ഓടയിലേക്കു ചേരും. ആയിരക്കണക്കിനു ലീറ്റർ ശുദ്ധ ജലമാണ് ദിവസവും പാഴാകുന്നതെന്നു നാട്ടുകാർ പറഞ്ഞു. റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും തെറിച്ചു വീഴുന്നുണ്ട്.

നെച്ചൂർ പമ്പു ഹൗസിൽ നിന്നു പാമ്പ്രയിലും പരിസരത്തുമായി വിതരണം ചെയ്യുന്നതിനുള്ള ജലമാണു പൈപ്പിലൂടെ എത്തുന്നത്. ഇതു പിന്നീടു പാമ്പ്ര ഭാഗത്തുള്ള സംഭരണിയിൽ എത്തിച്ചു വിതരണം ചെയ്യും. മഴ പെയ്യുന്നതിനാൽ ഉപഭോഗം കുറഞ്ഞു നിന്നിട്ടും സംഭരണിയിൽ ആവശ്യത്തിനു ജലം എത്തുന്നില്ലെന്ന പരാതി ഉണ്ട്.

ഇതിനിടിയിലാണു ചോർച്ച മൂലമുള്ള നഷ്ടം. നടയപ്പിള്ളിത്താഴം, പഴയ പഞ്ചായത്തുപടി പരിസരം എന്നിവിടങ്ങളിലെല്ലാം അടുത്തയിടെ പൈപ്പ് പൊട്ടിയിരുന്നു. നേരത്തെ റോഡ് നിലവാരം ഉയർത്തുന്ന ഘട്ടത്തിൽ പഴയ വിതരണ ലൈനുകൾ മാറ്റുന്നതു സംബന്ധിച്ചു പരാതി ഉന്നയിച്ചെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. ഉയർന്ന അളവിൽ കല്ലും മണ്ണും കയറ്റിയുള്ള ഭാരവാനങ്ങളുടെ സർവീസും പൈപ്പ് പൊട്ടുന്നതിനു കാരണമായി പറയപ്പെടുന്നു.

