
കൊച്ചി: എറണാകുളം അതിരൂപതയിൽ എട്ടു പേർക്ക് വൈദികപ്പട്ടം നൽകിയ ചടങ്ങിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിന്റെ കുർബാനയർപ്പണം ഒരുവിഭാഗം വൈദികരും വിശ്വാസികളും ബഹിഷ്കരിച്ചു. അതിരൂപതാ ഭരണസമിതിയെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് വൈദികരും വിശ്വാസികളും പറഞ്ഞു.
തൃക്കാക്കരയിലെ മൈനർ സെമിനാരിയിൽ ഇന്നലെയാണ് വൈദികപ്പട്ടം നൽകിയത്. ചടങ്ങിൽ ഇരുന്നൂറോളം വൈദികർ പങ്കെടുത്തു. നവവൈദികരെ ആശിർവദിച്ചശേഷം വൈദികർ പുറത്തുപോയി. ബോസ്കോ പുത്തൂർ ഏകീകൃതരീതിയിൽ ചൊല്ലിയ കുർബാനയും ബഹിഷ്ക്കരിച്ചു. വൈദിക കൂട്ടായ്മ വിളിച്ചുചേർക്കാൻ ബിഷപ്പിനോട് ആവശ്യപ്പെടാൻ വൈദികരുടെ യോഗം തീരുമാനിച്ചു. കാനോനിക സമിതികളായ വൈദിക സമിതി രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനാഭിമുഖരീതിയിൽ ചൊല്ലാൻ അനുവദിച്ചില്ലെങ്കിൽ ഏകീകൃത കുർബാന ഇടവകകളിൽ ചൊല്ലാൻ അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചതായി അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. ജോസ് വൈലിക്കോടത്ത് അറിയിച്ചു.