
മൂന്നാർ: ടൂറിസം വികസനം ലക്ഷ്യമാക്കി കെഎസ്ആർടിസി മൂന്നാറിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡബിൾ ഡെക്കർ ബസ് സർവീസിനെതിരേ പ്രതിഷേധം. മൂന്നാറിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ മൂന്നാർ കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ കരിങ്കൊടി ഉയർത്തിയായിരുന്നു പ്രതിഷേധം.
ഡബിൾ ഡെക്കർ സർവീസ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, മൂന്നാറിലെ ടാക്സി ഡ്രൈവേഴ്സിനോടുള്ള അവഗണന അവസാനിപ്പിക്കുക, വിവിധ ഡിപ്പോകളിൽനിന്നും കെഎസ്ആർടിസി നടത്തുന്ന ഉല്ലാസ യാത്രകൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. റെന്റ് എ കാർ, യൂബർ പോലുള്ള സംവിധാനങ്ങളുടെ കടന്നുവരവോടെ മൂന്നാറിലെ ടാക്സി വാഹനങ്ങൾ ഓട്ടമില്ലാതെ ബുദ്ധിമുട്ടുകയാണ്.
അതിനിടയിൽ ഡബിൾ ഡെക്കർ ബസുമെത്തിയാൽ ടൂറിസ്റ്റ് ടാക്സി ഓടിച്ച് ഉപജീവനം നടത്തുന്ന ആയിരത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിലാകുമെന്ന് സമരക്കാർ ആരോപിച്ചു.