
കൊച്ചി : എറണാകുളം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂരയുടെ ഒരു ഭാഗം കോൺക്രീറ്റ് ഇളകി വീണു. പേവാർഡിൽ കിടത്തി ചികിത്സിക്കുന്ന മുറിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് ആണ് ഇളകി വീണത്. അപകടസമയം രോഗികൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിരവധി ആളുകളാണ് പ്രാഥമിക ചികിത്സയ്ക്കായും മറ്റും ഈ താലൂക്ക് ആശുപത്രിയെ സമീപിക്കുന്നത്.
അൻപത് വർഷത്തിലേറെ കാലപ്പഴക്കം ഉള്ള കെട്ടിടമാണിത്. രണ്ടു നിലകളുള്ള പേ വാർഡിലെ താഴത്തെ നിലയിൽ എ വൺ മുറിയിലാണ് കോൺക്രീറ്റ് അടർന്ന് വീണത്. അപകട സമയത്ത് ഇവിടെ രോഗികൾ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അപകടം നടക്കുന്നതിനു തൊട്ടുമുമ്പാണ് ഇവിടെ ഉണ്ടായിരുന്ന രോഗിയെ മുകളിലത്തെ മുറിയിലേക്ക് മാറ്റിയത്. ഇതേ പേ വാർഡിന്റെ മറ്റു ചില ഭാഗങ്ങളിലും കോൺക്രീറ്റ് ഇളകി കമ്പി പുറത്ത് കാണാവുന്ന അവസ്ഥയിലാണ്.
ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കെട്ടിടം 1970ലാണ് നിർമ്മിച്ചത്. താഴെയും മുകളിലുമായി 12 മുറികൾ ഉണ്ട്. 300 മുതൽ 500 രൂപ വരെയാണ് ദിവസ വാടക. ഭൂരിഭാഗം മുറികളിലും രോഗികൾ കിടക്കുന്നുണ്ട്. സംഭവമായി ബന്ധപ്പെട്ട പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. താലൂക്ക് ആശുപത്രിയിൽ പുതുക്കി നിർമ്മിച്ച ക്യാഷ്വാലിറ്റിയും, ഒ.പി ബ്ലോക്കും ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യാൻ ഇരുന്നതാണ്. സാങ്കേതിക കാരണത്താൽ ഇന്ന് ഉദ്ഘാടനം മാറ്റി വെക്കുകയായിരുന്നു.