
കോതമംഗലം: റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി പരാതി. പകരം റാന്പ് നിർമിച്ച് നൽകുകയോ നിർമാണം വേഗത്തിലാക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. നേര്യമംഗലം വില്ലാഞ്ചിറയിൽ 25 ഓളം കുടുംബങ്ങൾ 75 വർഷത്തിലധികമായി ഉപയോഗിച്ച് വന്നിരുന്ന വീടുകളിലേക്ക് പ്രവേശിക്കുന്ന വഴികൾ തടസപ്പെടുത്തിയാണ് നാഷണൽ ഹൈവേ പുനർനിർമാണം നടക്കുന്നത്.
ജനപ്രതിനിധികളായുള്ള ചർച്ചയ്ക്കിടെ ഇവർക്കെല്ലാം റാന്പ് കെട്ടി വഴി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. കഴിഞ്ഞദിവസം പൊളിച്ചിട്ട വഴിയിലൂടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോയ രാധ എന്ന വീട്ടമ്മ വീണ് കൈ ഒടിഞ്ഞ് ചികിത്സതേടിയിരുന്നു. നിർമാണത്തിന്റെ പേരിൽ പ്രദേശവാസികളുടെ കുടിവെള്ള പൈപ്പ് ലൈനുകൾ തകർന്ന് കിടക്കുകയാണ്. ശുദ്ധജലം പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സൈജന്റ് ചാക്കോ പറഞ്ഞു.
ജയൻ പൈനാപ്പിള്ളിൽ, രാധ ഇടപേതിൽ, നാരായണൻ തേക്കനാട്ടുകുടിയിൽ, കൃഷ്ണൻകുട്ടി തടത്തിക്കുന്നിൽ, ജോണ്സണ് കോക്കണ്ടത്തിൽ, ജോയ് പൗലോസ് പുല്ലൻ, ബിലാൽ, മുഹമ്മദ്, ജോസ് കോക്കണ്ടത്തിൽ, ജോസ് മണ്ണത്താന്നിക്കൽ, കബീർ, സാന്റീ മിറ്റത്താനിക്കൽ, സജി ചാക്കോ, കല്ലന്പള്ളി, ചാക്കോ ദേവസ്യ, നാസർ അറമംഗലം, ജാൻസി ജയേഷ്, ആലീസ് ജോർജ് കല്ലന്പള്ളി, ബോസ് താഴത്തോട്ട് എന്നിവരുൾപ്പെടെ 25 കുടുംബങ്ങൾക്കാണ് വഴി തടസപ്പെട്ടിരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.