ശബരിമല തീർഥാടനത്തിന് ഇന്നു തുടക്കമാകുമ്പോൾ മൂവാറ്റുപുഴ നഗരം വൻ ഗതാഗതക്കുരുക്കിലാണ്. നവീകരണം 80% പൂർത്തിയാക്കിയിട്ടും റോഡിനു വീതി കൂട്ടി ടാറിങ് ചെയ്തിട്ടും കച്ചേരിത്താഴം മുതൽ വെള്ളൂർകുന്നം കവല വരെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. എറണാകുളം റോഡിൽ കടാതി വരെയും പെരുമ്പാവൂർ റോഡിൽ വാഴപ്പിള്ളി വരെയും പലപ്പോഴും വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണ്. രാവിലെ മുതൽ രാത്രി വരെ നഗരം കുരുക്കിലാകുന്ന സ്ഥിതിയുണ്ട്. ശബരിമലയിലേക്കുള്ള തീർഥാടന വാഹനങ്ങൾ കൂടി എത്തുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകും.

പഴയ പാലം ടാർ ചെയ്തിട്ടുണ്ടെങ്കിലും കച്ചേരിത്താഴം ഭാഗത്തുള്ള റോഡിലെ ടാറിങ് ജോലികൾ ആരംഭിച്ചിട്ടില്ല. ഇതാണ് ഗതാഗതക്കുരുക്കിന് ഒരു കാരണം. നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളും എണ്ണം വലിയ തോതിൽ വർധിച്ചതും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാൻ അടിയന്തരമായി നഗര റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് ആവശ്യം.

എംസി റോഡിന്റെ നഗര റോഡ് ഭാഗം ഒഴിച്ചുള്ള ഭാഗത്ത് കൃത്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ട് നാളേറെയായി. 2018ൽ ശബരി പാക്കേജിൽ ഉൾപ്പെടുത്തി വെള്ളൂർക്കുന്നം മുതൽ തൃക്കളത്തൂർ വരെ റോഡ് നിർമാണത്തിന് 15 കോടി രൂപയും 2020ൽ മൂവാറ്റുപുഴ – തൊടുപുഴ റോഡിന് 10 കോടി രൂപയും അനുവദിച്ച് റോഡ് നവീകരിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നും എംസി റോഡിലെ യാത്രാ ക്ലേശം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നും മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.

