
സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാനുള്ള നടപടികൾ സംബന്ധിച്ച് മന്ത്രി പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. ബാഗിന്റെ അമിത ഭാരം സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയരുന്നുണ്ടെന്നും ഇതെല്ലാം പരിഹരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്‌തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു
കലോത്സവം, കായികമേള ശാസ്ത്രമേള എന്നിങ്ങനെ സ്‌കൂളിൽ നടക്കുന്ന ആഘോഷങ്ങളിൽ കുരുന്നുകൾക്ക് ഇനി കളർ കുപ്പായങ്ങൾ ഇടാമെന്ന സുപ്രധാന തീരുമാനവും മന്ത്രി വി ശിവൻകുട്ടി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്കൂൾ ചട്ടങ്ങളിൽ തന്നെ മാറ്റങ്ങൾ വരുത്തുകയാണ് മന്ത്രി. തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ആയിരുന്നു ഇതിന്റെ പ്രഖ്യാപനം. കുരുന്നുകൾ വർണ്ണപ്പൂമ്പാറ്റകൾ ആയി പറന്നു നടക്കട്ടെ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.