കൊരട്ടി: കുഞ്ഞനുജത്തി അൻവി തോട്ടിലെ കലങ്ങിയ വെള്ളത്തിലേക്കു കാൽവഴുതി വീണു പോയ രംഗം കണ്ട സഹോദരി ആദ്യ ഉറക്കെ കരഞ്ഞു. ഒരു വിളിപ്പാടകലെ നിന്നിരുന്ന രണ്ടാം ക്ലാസുകാരൻ ആരവ് തോട്ടിലെ വെള്ളത്തിലേക്ക് എടുത്തുചാടി. കുഞ്ഞിനെ രക്ഷാകരങ്ങളിൽ കോരിയെടുത്തെങ്കിലും കരയിലേക്കു കയറാൻ പറ്റാതെ പാടുപെട്ടു. ഇതെല്ലാം കണ്ടു പകച്ചു നിന്ന കൂട്ടുകാരൻ നാലാം ക്ലാസുകാരൻ ആദവിനോടു ആരവ് വിളിച്ചു പറഞ്ഞു ഒന്നു പിടിക്കെടാ ആദവ് ഓടിയെത്തി. അൻവിയെ ആദ്യം കരയ്ക്കു കയറ്റി. പിന്നാലെ ആരവിനും കൈകൊടുത്തു. സ്കൂളിൽ അഗ്നിരക്ഷാസേന നടത്തിയ ക്ലാസിൽ പഠിച്ചതുപോലെ കുഞ്ഞിനെ കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി പ്രഥമ ശുശ്രൂഷ നൽകി. വയറ്റിലകപ്പെട്ട വെള്ളം ഛർദിച്ചു പുറത്തുവന്നതോടെ അൻവിയുടെ ജീവൻ മിടിപ്പു വീണ്ടെടുത്തു. കുഞ്ഞിന്റെ കരച്ചിൽ ഉയർന്നതോടെ കുട്ടികളുടെ കണ്ണുകളിൽ ആനന്ദാശ്രു തിളങ്ങി. അയൽവാസികളായ ആരവും ആദവും ചേർന്ന് അൻവിയെയും ആദ്യയെയും സുരക്ഷിതരായി വീട്ടിലെത്തിച്ചു.

അമ്മയുടെ കണ്ണു വെട്ടിച്ചാണു കുഞ്ഞനിയത്തിയെയും കൂട്ടി പഞ്ചായത്ത് എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയായ ആദ്യ ചുനക്കര പാടശേഖരത്തിനിടയിലൂടെ ഒഴുകുന്ന തോട്ടിന്റെ കരയിലെത്തിയത്. തോടിനു കുറുകെയുള്ള പാലത്തിന്റെ ഓരത്തു കൂടി താഴെയിറങ്ങി വെള്ളത്തിൽ കുഞ്ഞുമീനുകളെ നോക്കുന്നതിനിടെയാണ് ഒരു കല്ലിനു മുകളിൽ നിന്നിരുന്ന അൻവി തോട്ടിൽ വീണത്. തല ചളിയിൽ ആഴ്ന്നു, കാലുകൾ മാത്രം വെള്ളത്തിനു മുകളിലേക്ക് കണ്ടു. ആദ്യ ഉറക്കെ കരഞ്ഞു. പാലത്തിന്റെ കലുങ്കിന് സമീപം ഇരിക്കുകയായിരുന്ന ആരവും ആദവും കരച്ചിൽ കേട്ടയുടൻ ഓടിയെത്തി. പഞ്ചായത്ത് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആരവ് മോഹനൻ. സ്വന്തം സുരക്ഷയെക്കുറിച്ചു പോലും ചിന്തിക്കാതെയാണ് ആരവ് വെള്ളത്തിലേക്ക് ചാടിയത്.
നാലാം ക്ലാസുകാരനാണ് ആദവ്. ഒൻപതു വയസ്സുകാരനായ ആദവിന്റെ മനസ്സിലൂടെ ഏതാനും ദിവസങ്ങൾ മുൻപു സ്കൂളിലെത്തിയ അഗ്നിരക്ഷാസേന പഠിപ്പിച്ച മുങ്ങിമരണം ഒഴിവാക്കാനുള്ള പാഠങ്ങളോടി. ഒരു നിമിഷം പോലും വൈകാതെ നീക്കത്തിലൂടെ ആ ജീവൻ അവരൊരുമിച്ചു തിരിച്ചു പിടിച്ചു. കുഞ്ഞിനെ അമ്മയുടെ കൈകളിൽ സുരക്ഷിതമായി ഏൽപിക്കുമ്പോഴും കുഞ്ഞിനെ അമ്മ ചീത്ത പറയുമോ എന്ന ആശങ്ക മാത്രമായിരുന്നു ഈ കുഞ്ഞുവീരന്മാർക്ക്. ചുനക്കര പാക്കാട്ടി ജിഷ്ണുദേവിന്റെയും ബിന്ധ്യയുടെയും മക്കളാണ് ആദ്യയും നാലര വയസ്സുകാരി അൻവിയും. ചേരാനെല്ലൂർ സ്വദേശി മോഹനന്റെയും ചുനക്കര കൂട്ടാല അനിതയുടെയും മകനാണ് ആരവ്. വാരണാട്ട് പ്രവീൺ–ലീന ദമ്പതികളുടെ മകനാണ് ആദവ്.

