മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെതിരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ പോക്സോ സ്പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഭൂതത്താന്‍കെട്ട് മൈലാടുംകുന്ന് കാഞ്ഞിരത്തിങ്കല്‍ വിനോദിനെ(34)യാണ് ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. എഴുപതിനായിരം രൂപ പിഴയും അടയ്ക്കണം. വിവിധ വകുപ്പുകളിലായി 12 വര്‍ഷം കഠിന തടവും പിഴ ഒടുക്കിയില്ലെങ്കില്‍ അധിക തടവും അനുഭവിക്കണം.

2021 നവംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതി അയല്‍വീട്ടിലെ 11കാരിയെ ലൈഗീകാതിക്രമത്തിന് ഇരയാക്കി. അയൽവാസികൾ ഓടി എത്തി പ്രതിയെ തടഞ്ഞുവച്ച് കോതമംഗലം പോലീസിന് കൈമാറുകയായിരുന്നു.

അന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയായിരുന്ന മുഹമ്മദ് റിയാസ്, കോതമംഗലം സിഐ ബേസില്‍ തോമസ്, സീനിയര്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ബിജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി. ലേഖ പി. സുരേഷായിരുന്നു ലെയ്സണ്‍ ഓഫീസര്‍.

