
എറണാകുളം: ചെറിയ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. നെട്ടോട്ടമോടി ആവശ്യക്കാർ. 20, 50, 100 രൂപ തുടങ്ങി 1,000 രൂപയിൽ താഴെ വിലയുള്ള മുദ്രപത്രങ്ങളാണ് ഒട്ടും തന്നെ ലഭ്യമല്ലാതായിരിക്കുന്നത്.

സർട്ടിഫിക്കറ്റുകൾക്കും ജനന-മരണ രജിസ്ട്രേഷനുകൾക്കും കരാറുകൾക്കും മറ്റും ആവശ്യമായ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ കിട്ടാതായതോടു കൂടി അത്യാവശ്യക്കാർ കൂടിയ വിലയുടെ മുദ്രപ്പത്രങ്ങൾ വാങ്ങുവാൻ നിർബന്ധിതരാകുകയാണ്.
ചെറിയ വിലയുടെ മുദ്രപ്പത്രത്തിന് പകരം ലഭ്യമായ 1,000 രൂപയുടെ മുദ്രപ്പത്രം വാങ്ങുന്നതോടെ സാമ്പത്തിക ഇനത്തിലും വൻ നഷ്ടമാണ് ആവശ്യക്കാർക്കുണ്ടാകുന്നത്.
രാവിലെ മുതൽ ആധാരം എഴുത്ത് ഓഫീസുകളിലും മറ്റും ചെറിയ വിലയുടെ മുദ്രപ്പത്രങ്ങൾ അന്വേഷിച്ച് നിരവധിയാളുകളാണ് കയറിയിറങ്ങുന്നത്. അത്യാവശ്യക്കാരൻ ഗതികേട് കൊണ്ട് കൂടിയ വിലയുടെ മുദ്രപ്പത്രം വാങ്ങി ആവശ്യങ്ങൾ നിറവേറ്റുകയാണ്.
തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല ജില്ലയിൽ ഒരിടത്തും തന്നെ ചെറിയ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാക്കനിയായിരിക്കുകയാണ്.
ചെറിയ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾക്കായി മുറവിളിയുയരുമ്പോൾ സമാശ്വാസമെന്ന വണ്ണം കുറച്ച് മുദ്രപത്രങ്ങൾ ലഭ്യമാക്കുമെങ്കിലും ഇവ വിപണിയിലെത്തുമ്പോൾ തന്നെ തീർന്നു പോകുന്നതിനാൽ മുദ്രപ്പത്രങ്ങളുടെ ക്ഷാമം സ്ഥിരമായി നിലനിൽക്കുകയാണ്.
അതേ സമയം ചെറിയ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾക്ക് പകരമായി കൂടിയ തുകയുടെ മുദ്രപ്പത്രങ്ങൾ വിറ്റുപോകുന്നതിനാൽ ബന്ധപ്പെട്ട വകുപ്പിന് ഇത് ലാഭകരമായത് കൊണ്ട് തന്നെ ചെറിയ വിലയുടെ മുദ്രപ്പത്രങ്ങളുടെ ക്ഷാമം തീർക്കാനാവശ്യമായ നടപടികളൊന്നും തന്നെ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടാകുന്നില്ലായെന്നാണ് ആക്ഷേപമുയരുന്നത്.