കോതമംഗലം: കുട്ടമ്പുഴ റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള മലയാറ്റൂർ ഇടിയറ റിസർവിന്റെ ഭാഗമായ വടക്കേ മണികണ്ഠൻചാൽ റിസർവ് വനത്തിൽ നിന്നും ചെന്നായ്ക്കൾ ഇരയായി പിടിച്ച മ്ലാവിന്റെ ജഡം കൈവശപ്പെടുത്തി ഇറച്ചി ശേഖരിച്ച് ഉണക്കി വീട്ടിൽ സൂക്ഷിച്ച കേസിൽ പ്രതികൾക്ക് പിഴയും തടവും.
ഒന്നാം പ്രതി കുട്ടമ്പുഴ മണികണ്ഠൻചാൽ നിരപ്പേൽ രതീഷ്, രണ്ടാം പ്രതി ചാലക്കുടി പുത്തൻവീട്ടിൽ സെബി എന്നിവർക്കാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ ശിക്ഷ വിധിച്ചത്. വന്യജീവി (സംരക്ഷണ) നിയമം 1972 സെക്ഷൻ 51 പ്രകാരം ആറു മാസം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.
2019 ജനുവരി 24 ന് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആയിരുന്ന എസ്. രാജന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ നിന്നും മ്ലാവ് ഇറച്ചി പിടികൂടുന്നതും റിസർവ് വനത്തിനുള്ളിൽ പ്രതികൾ മറവു ചെയ്തിരുന്ന മ്ലാവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മഞ്ജു എ. കുര്യാക്കോസ് ഹാജരായി.
