ചൊവ്വര: അമ്മ മർദനമേറ്റു മരിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു(38)നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. അനിത(58)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 30നായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ അലക്ക് കല്ലിന് സമീപം കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തലയ്ക്കും ശരീരത്തിനും മറ്റ് അന്തരീക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്നുണ്ടാണ്ടായ അന്തരിക രക്തസ്രാവമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ നിരീക്ഷണത്തിലായിരുന്ന ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനിത 22 വർഷമായി ഇടുക്കി ചെങ്കളത്തുള്ള ഒരു മേഴ്സി ഹോമിൽ കഴിഞ്ഞു വരികയായിരുന്നു. സെപ്റ്റംബറിൽ ചൊവ്വരയിലുള്ള വാടക വീട്ടിലേക്ക് അനിതയെ കൂട്ടിക്കൊണ്ടു വരികയും സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിലുള്ള അന്വേഷ സംഘത്തിൽ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ് ഐ എസ്.എസ്. ശ്രീലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

