
പെരുമ്പാവൂർ: പട്ടാപ്പകൽ പെരുന്പാവൂർ നഗരമധ്യത്തിൽനിന്നും മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാലടിയിൽ നിന്നും കണ്ടെത്തി. ഐമുറി പടിക്കലപ്പാറ സ്വദേശി ഉദയന്റെ ലാൻസർ കാറാണ് കഴിഞ്ഞ 20ന് പെരുമ്പാവൂർ സസ്യമാർക്കറ്റിന് സമീപത്തുനിന്നും മോഷണം പോയത്. ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും കടയിലേക്ക് സാധനങ്ങൾ വാങ്ങി കാറിൽവച്ച ശേഷം ഉടമ പണം നൽകാനായി തിരികെ കടയിലേക്ക് പോയപ്പോഴാണ് മോഷ്ടാക്കൾ വാഹനവുമായി കടന്നത്.

പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സ്ക്വാഡ് ഉൾപ്പടെയുള്ള സംഘങ്ങൾ പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. ഇതിനിടെ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് അകനാട് പെട്രോൾ പമ്പിൽ ഡീസൽ അടിക്കാനെത്തിയപ്പോൾ ആളുകൾ തടഞ്ഞ് കാറിൽ നിന്ന് ഒരാളെ വലിച്ചിറക്കിയെങ്കിലും സംഘത്തിലെ മറ്റ് നാല് പേർ കാറുമായി കടന്നു. പിടികൂടിയ ആളെ നാട്ടുകാർ പൊലീസിന് കൈമാറിയെങ്കിലും ഇയാൾ വഴിയിൽവച്ച് കാറിൽ കയറിയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
വാഹനം പെരുമ്പാവൂർ മേഖല വിട്ട് പോയിട്ടില്ലെന്ന പോലീസിന്റെ നിഗമനം ശരിവച്ചുകൊണ്ട് ഇന്നലെ രാവിലെ കാലടി പാലത്തിന് സമീപത്തുനിന്ന് കാർ കണ്ടെത്തിയത്. സമീപത്തെ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഗതാഗത തടസമുണ്ടാകാതിരിക്കാൻ റോഡിൽ കിടന്ന കാർ തള്ളിമാറ്റിയിട്ടപ്പോഴാണ് ഇത് മോഷണം പോയ കാറാണെന്ന് വ്യക്തമായത്. പോലീസെത്തി വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.