അരൂർ: കെഎസ്എഫ്ഇ ആലപ്പുഴ തുറവൂർ ബ്രാഞ്ചിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വച്ച് 1,40,000 തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ കുത്തിയതോട് പൊലീസ് പിടികൂടി. എറണാകുളം രായമംഗലം പഞ്ചായത്ത് പുല്ലുവഴി കാളംമാലിയിൽ എൽദോ വർഗീസ് (50), ഞെഴുവങ്കൻ വീട്ടിൽ ജിബി (48), വാരപ്പെട്ടി പാറയിൽ കുടിചാലിൽ ബിജു (48) എന്നിവരാണ് അറസ്റ്റിലായത്. 17 ന് ഉച്ചയ്ക്ക് 2.45 നാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.

കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന് പരിചയപ്പെടുത്തിയാണ് എൽദോ വർഗീസ് രണ്ടു സ്വർണവളകൾ എന്ന വ്യാജേന മുക്കുപണ്ടവുമായെത്തിയത്. ഇയാൾ വ്യാജ ആധാർ കാർഡ് നൽകുകയും ചെയ്തു. വീടുള്ള സ്ഥലം ചോദിച്ചപ്പോൾ സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ പെരുമാറി. തുടർന്ന് ഇയാളുടെ സഹായി എന്ന നിലയിൽ കൂടെയെത്തിയ ജിബി, കുത്തിയതോടാണ് സ്ഥലമെന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഇവരുടെ ഇടപെടലിൽ പ്രത്യേകിച്ച് സംശയമൊന്നും തോന്നാത്തതിനാൽ ജീവനക്കാർ വളകൾ വാങ്ങി പണം നൽകി. പിന്നീട് സംശയം തോന്നി ബ്രാഞ്ച് മാനേജർ നടത്തിയ പരിശോധനയിലാണ് വളകൾ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും. വ്യാജ ആധാർ കാർഡും വളകളും ഉണ്ടാക്കി നൽകിയതു ബിജുവാണ്. ഉരച്ചു നോക്കിയാൽ സ്വർണമല്ലെന്നു തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു വളകളുടെ നിർമാണം.

പ്രതികൾക്കെതിരെ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി 20 മുക്കുപണ്ടം പണയക്കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ ബജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ വിജേഷ് , അമൽരാജ്, സാജൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

