കൂത്താട്ടുകുളം: വയോധികയുടെ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികളെ കൂത്താട്ടുകുളം പോലീസ് പിടികൂടി. മഴുവന്നൂർ വാരിക്കാട്ടിൽ വി.ആർ. ഷിജു (46), കോട്ടപ്പടി പരുത്തേലി പി.ആർ. രാജൻ (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15 ന് കിഴകൊമ്പ് മുളന്താനത്ത് ഭാസ്കരന്റെ ഭാര്യ കൗസല്യ യുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പ്രതികൾ മോഷ്ടിക്കുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് രാജനെ ഉപ്പുകണ്ടം ഭാഗത്ത് സംശയാസ്പദമായ നിലയിൽ കണ്ടെത്തിയത്.

സിസിടിവി പരിശോധനയ്ക്കിടയിൽ പോലീസിന് ലഭിച്ച ചിത്രവും രാജന്റെ രൂപവും തമ്മിൽ സാദൃശ്യം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ കൃത്യം നടത്തിയതായി സമ്മതിച്ചു. രാജന്റെ മൊഴിപ്രകാരം കൂട്ടുപ്രതിയായ ഷിജുവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

മോഷ്ടിച്ച മാല വിറ്റതായാണ് പ്രതികളുടെ മൊഴി. ഇലഞ്ഞിയിലെ സുഹൃത്ത് വഴിയാണ് പ്രതികൾ കൂത്താട്ടുകുളത്ത് എത്തിയത്. ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നതാണ് പതിവ്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ രാജൻ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

