ഒഴിവായത് വൻ അപകടം
തൃശ്ശൂർ: തൃശ്ശൂർ- മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെൻ്റിൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുമ്പിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു. പിറകിൽ വന്നിരുന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസ്സിന് പുറകിൽ വന്നിടിച്ചു. തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. അപകടത്തിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസ്സിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.

