അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്ക് കോതമംഗലം പൊലീസിന്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം രാമല്ലൂർ ഭാഗത്ത് ബൈക്ക് യാത്രക്കാരായ രണ്ട് പേർ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നത്. ഇവരെ പടിക്കാമറ്റം, സ്റ്റാർ എന്നീ ബസുകളിലെ ജീവനക്കാരായ ജിതിൻ ജോസഫ്, ഷിബു നാരായണൻ, ബിബിൻ ബെന്നി, ജിസ് മോൻ ഷാജി എന്നിവർ ചേർന്ന് കോതമംഗലം ആശുപത്രിയിൽ എത്തിച്ചു.

ഈ പ്രവർത്തനം നടത്തിയ ജീവനക്കാർക്കാണ് കോതമംഗലം പോലീസിന്റെയും ട്രാഫിക്ക് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആദരവ് നൽകിയത്. കോതമംഗലം പൊലീസ് സ്റ്റേഷൻ ഹാളിൽ ട്രാഫിക്ക് എസ് ഐ സി.പി ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം ഇൻസ്പെക്ടർ പി.ടി ബിജോയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബസ് ജീവനക്കാരെ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. എസ് ഐ ദേവസി കെ ആർ, എഎസ്ഐ ഹാജിറ എ ബി, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഷിബു മർക്കോസ്, നവാസ്, ജോജി, യഹുക്കൂബ് , ഷെബീർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.


