
മൂവാറ്റുപുഴ: നാളുകളായി മൂവാറ്റുപുഴക്കാരുടെ കാത്തിരിപ്പായ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. പദ്ധതിക്ക് ഫിനാൻഷ്യൽ സാങ്ഷനും അതിനെ തുടർന്നുള്ള ഭരണാനുമതിയും ലഭ്യമായതായും മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. സാങ്കേതികാനുമതി വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബസ് സ്റ്റേഷൻ നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി രൂപയാണ് ചിലവഴിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമ്മാണം ഉടൻ
മൂവാറ്റുപുഴയുടെ തന്നെ മുഖം മാറ്റുന്ന രീതിയിൽ ക്ലോക്ക് ടവർ അടക്കം ഉൾപ്പെടുത്തിക്കൊണ്ട്, യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി അത്യാധുനിക നിലവാരത്തിലാണ് ബസ്സ് സ്റ്റേഷന്റെ നവീകരണത്തിനായുള്ള പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിന് സാമാന്തരമായി രണ്ട് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിക്കും. നിലവിൽ പണി പൂർത്തീകരിക്കാതെ കിടക്കുന്ന കെട്ടിടവും ഇതോടൊപ്പം നവീകരിച്ച് ടൈൽ, പെയിന്റിംഗ് ഉൾപ്പെടെയുള്ള ബാക്കി വർക്കുകൾ പൂർത്തീകരിച്ച് ഉപയോഗപ്രദമാക്കും.
ക്ലോക്ക് ടവർ
ശുചി മുറികൾ
വാഷ് ഏരിയ
കാത്തിരിപ്പ് കേന്ദ്രം
ഭക്ഷണശാലകൾ
സ്റ്റേഷൻ മാസ്റ്റർ റൂം
ഇൻഫർമേഷൻ ഏരിയ
വനിത, പുരുഷ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ
യാത്രികർക്കുള്ള അത്യാധുനിക കാത്തിരിപ്പ് കേന്ദ്രം
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതിനുള്ള എല്ലാ പ്രവർത്തനവുമായി മുന്നോട്ടു പോകും
മാത്യു കുഴൽനാടൻ
എം.എൽ.എ