
തൊടുപുഴ: രാത്രി സമയത്തുള്ള ട്രിപ്പുകൾ മുടക്കുന്നത് പതിവായതോടെ തൊടുപുഴയിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് പോകാനാകാതെ യാത്രക്കാർ പെരുവഴിയിലാകുന്നു. സന്ധ്യമയങ്ങിയാൽ തൊടുപുഴയിൽ നിന്ന് മിക്ക ഗ്രാമീണ റൂട്ടുകളിലും ബസുകൾ ഇല്ലാത്ത സ്ഥിതിയാണ്. ഇതോടെ രാത്രി നഗരത്തിൽ എത്തുന്ന യാത്രക്കാർ ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കുന്നത്. നൂറു കണക്കിനു യാത്രക്കാർക്ക് പ്രയോജനം ചെയ്തിരുന്ന പെരിങ്ങാശേരി റൂട്ടിലേക്ക് തൊടുപുഴയിൽ നിന്ന് രാത്രി 7.10ന് പുറപ്പെടുന്ന ബസ് ഓടുന്നില്ല. ഇത് സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും വകുപ്പ് ഉദ്യോഗസ്ഥർ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. പൂമാല റൂട്ടിലുള്ള അവസാന ട്രിപ്പുകളും ഓടുന്നില്ല. കാഞ്ഞിരമറ്റം വഴി ആനക്കയം റൂട്ടിൽ മൂന്ന് പതിറ്റാണ്ടാലേറെയായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കൊവിഡ് സമയത്ത് നിറുത്തിയതാണ്. വർഷം നാല് കഴിഞ്ഞിട്ടും ഇതുവരെ പുനരാരംഭിച്ചില്ല. രാത്രി എട്ടിന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് തിരികെ കോട്ടയത്തിനു പോയിരുന്ന ബസാണ് ഓടാത്തത്. അതേ സമയം ഈ ബസ് കോട്ടയത്തിനുള്ള രണ്ട് ട്രിപ്പുകൾ തൊടുപുഴയിൽ നിന്ന് നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പലതവണ പരാതി കൊടുത്തെങ്കിലും ചിലരുടെ സ്വാധീനത്തിന് വഴങ്ങി നടപടി മാത്രം ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. അതുപോലെ കാരിക്കോട് വഴി രാത്രി 7.40ന് ആനക്കയം റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസും ട്രിപ് നിറുത്തിയിട്ട് വർഷം പലതു കഴിഞ്ഞു. അതേ സമയം ചില റൂട്ടുകളിൽ ഓടുന്ന ബസുകൾക്കെതിരെ പിഴ നൽകാനും സർവീസുകൾ ഓടിക്കാനും നടപടിയെടുത്ത മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ചില ബസുകളുടെ കാര്യത്തിൽ നിസ്സംഗത പുലർത്തുന്നത്. ഇതിനു പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ ഉണ്ടെന്നാണ് ആക്ഷേപം. അതേസമയം മൂലമറ്റം- ഇടുക്കി റൂട്ടിലും വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിലും രാത്രി ഒമ്പതിന് ശേഷം ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളുള്ളതിനാൽ ഈ റൂട്ടുകളിൽ വലിയ പരാതികൾ ഉണ്ടാകുന്നില്ല.

ബസ് സർവീസ് റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് ഓട്ടോ, ടാക്സി കൂലി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. കുറഞ്ഞ വേതനത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
‘തൊടുപുഴയിലെ കടകളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന പെരിങ്ങാശ്ശേരി ഭാഗത്തുള്ളവരാണ് ഞങ്ങൾ. ജോലി കഴിഞ്ഞ് രാത്രി ഏഴോടെയാണ് സ്റ്റാൻഡിലെത്തിയാൽ പലപ്പോഴും ബസുകളുണ്ടാകാറില്ല. പിന്നെ ഓട്ടോറിക്ഷ വിളിക്കേണ്ട സ്ഥിതിയാണ്”