കാത്തിരിപ്പിനൊടുവിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ്. എറണാകുളം വൈറ്റിലയിലെ കടയില്‍നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. നെട്ടൂര്‍ സ്വദേശി ലെതീഷാണ് ഏജന്റ്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റായതിനാൽ ഏജന്റിന് രണ്ടരക്കോടി രൂപ കമ്മീഷന്‍ ലഭിക്കും.

തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
തിരുവോണം ബംപറിന്റെ 75 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇവയെല്ലാം ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരിഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.
ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും തിരുവോണം ബംപര്‍ വാഗ്ദാനം ചെയ്യുന്നു. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെയും സമ്മാനമായി ലഭിക്കും.

